തൊ​ടു​പു​ഴ​യി​ലെ മീ​ൻ​ക​ട​ക​ളി​ൽ ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പിലെയും ഫി​ഷ​റീ​സ്​ വ​കു​പ്പി​ലെയും ഉദ്യോഗസ്ഥർ പ​രി​ശോ​ധ​ന നടത്തുന്നു

വിപണിയിൽ പഴകിയ മീൻ: വാങ്ങുമ്പോൾ ശ്രദ്ധിക്കാനേറെ...

തൊടുപുഴ: വിപണിയിൽ പഴകിയ മീനുകൾ വിൽപനക്കെത്തുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധനകളുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. രണ്ടാഴ്ചക്കിടെ ജില്ലയിൽനിന്ന് 205 കിലോ പഴകിയ മീനാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. 'ഓപറേഷൻ സാഗർ റാണി'യുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് തൊടുപുഴ നഗരസഭ, ചെറുതോണി എന്നിവിടങ്ങളിൽനിന്ന് വിൽപനക്ക് വെച്ച പഴകിയ മത്സ്യം പിടികൂടിയത്. തൊടുപുഴ മുനിസിപ്പാലിറ്റിയുടെ കീഴിൽ വരുന്ന 20 മീൻ കടകൾ പരിശോധിച്ചതിൽ 55 കിലോ പഴകിയ ചൂര, കേര, അയല എന്നിവ നശിപ്പിച്ചു. മൂന്ന് സ്ഥാപനത്തിന് നോട്ടീസ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ചെറുതോണി ഭാഗത്ത് നടത്തിയ പരിശോധനയിൽ 150 കിലോ പഴകിയ കേര, ഓലക്കുടി തുടങ്ങിയ മത്സ്യം പിടികൂടി നശിപ്പിച്ചിരുന്നു. ഇവിടെ മൂന്ന് സ്ഥാപനത്തിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ ഓഫിസർമാരായ എം.എൻ. ഷംസിയ, ആൻമേരി ജോൺസൺ, ജില്ല ഫിഷറീസ് ഓഫിസർ നൗഷാദ്, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്ക് പിഴ

രണ്ടുമാസത്തിനിടെ 45 കട പരിശോധിച്ചതിൽ എട്ട് സ്ഥാപനത്തിന് പിഴയോടെ നോട്ടീസ് നൽകി. 217 കിലോ പഴകിയ മീനാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ചെറുതോണിയിൽ ശരിയായ രീതിയിൽ ഐസ് ഇടാത്തതാണ് 150 കിലോയിലധികം മീൻ നശിപ്പിക്കാൻ കാരണം. കിലോക്ക് നൂറിനുമുകളിൽ വിലയുള്ള മീനുകൾ ഇത്തരത്തിൽ നശിപ്പിക്കുന്നത് വ്യാപാരികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെങ്കിലും കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചാൽ ഇവ ഒഴിവാക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മത്സ്യവിൽപന സ്ഥാപനങ്ങൾ ഒരു കിലോ മീനിൽ ഒരു കിലോ ഐസ് എന്ന തോതിൽ ഇടണമെന്നാണ് നിയമമെങ്കിലും പലരും ഇത് പാലിക്കാൻ മടി കാട്ടുകയാണ്. ഒരു ദിവസം മുഴുവൻ വിൽപനക്കായിവെച്ചിരിക്കുന്ന മീനിൽ കൃത്യമായി ഐസ് ഇടാതിരുന്നാൽ വേഗത്തിൽ പഴകും. ബാക്കി വരുന്ന മീൻ പിറ്റേ ദിവസവും പലരും വിൽപനക്ക് വെക്കും. മത്സ്യവിൽപന നടത്തുന്നവർക്ക് പിഴകൂടി വരുന്ന സാഹചര്യത്തിൽ ബോധവത്കരണത്തിന് ഒരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. മീൻ വിൽപന നടത്തുന്നവർ ഒരു ദിവസം ബാക്കി വരുന്നവ മീനിന്‍റെ തലയുടെ ഭാഗവും വയറിന്‍റെ ഭാഗവും കളഞ്ഞുവേണം ഫ്രീസറിൽ സൂക്ഷിക്കാൻ. ഈ ഭാഗങ്ങളാണ് മീൻ മോശമാകാൻ പ്രധാന കാരണം. ഐസ് തീർന്നുപോയാൽ ഇട്ടുകൊടുക്കണം. ഇത്തരം പഴക്കമുള്ള മീനുകൾ എടുത്തുമാറ്റാൻ വ്യാപാരികളും പഴക്കമുള്ള മീനുകൾ വാങ്ങാതിരിക്കാൻ ഉപഭോക്താക്കളും ശ്രദ്ധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

. മീൻ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ

. രക്തവർണത്തിലുള്ള ചെകിളപ്പൂവാണെങ്കിൽ മീൻ നല്ലതാണെന്ന് ഉറപ്പിക്കാം

. നല്ല മീനാണെങ്കിൽ തെളിഞ്ഞ വൃത്താകൃതിയിലുള്ള കണ്ണുകൾ ആയിരിക്കും.

. പഴകിയ മീനിന്‍റെ കണ്ണുകൾ കുഴിഞ്ഞതും നീല നിറമുള്ളതുമായിരിക്കും.

. നല്ല മീനിൽ കൈകൊണ്ട് അമർത്തിയാൽ നല്ല ദൃഢത ഉണ്ടാകും.

. രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ മീനിന്‍റെ ഗന്ധത്തിൽ വ്യത്യാസമുണ്ടാകും

Tags:    
News Summary - Stale fish on the market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.