ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ ഫീസ് അടക്കുന്നതിനായി യുവതിയുടെ 40,000 രൂപയടങ്ങിയ ബാഗ് മോഷ്ടിച്ച വിദ്യാർഥികളെ പൊലീസ് അറസ്റ്റുചെയ്തു. മത്സരപരീക്ഷക്കായുള്ള ഫീസ് നൽകാനും വാടകകൊടുക്കാനുമാണ് വിദ്യാർഥികൾ മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ഗ്രാമത്തിലെ ഒരു ബാങ്കിൽ നിന്ന് യുവതിയും ഭർത്താവും പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ച 40,000 രൂപ പിൻവലിച്ചു. യാത്രാമദ്ധ്യേ വഴിയോര കച്ചവടക്കാരനിൽ നിന്ന് പഴം വാങ്ങാൻ ദമ്പതികൾ വണ്ടി നിർത്തിയപ്പോൾ മോട്ടോർ സൈക്കിളിൽ എത്തിയ പ്രതികൾ യുവതിയിൽ നിന്ന് പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു.
പരാതിയെ തുടർന്ന് പൊലീസ് പ്രദേശത്തെ സി.സി.ടി.വി പരിശോധിക്കുകയും പ്രതികളെ തിരിച്ചറിച്ചറിഞ്ഞതോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. രേവ ജില്ലയിലെ മിസിരിഹ സ്വദേശികളായ ശുഭം ശുക്ല, അഭിഷേക് ശുക്ല എന്നിവരാണ് അറസ്റ്റിലായത്.
തങ്ങളുടെ കുടുംബം സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും മത്സര പരീക്ഷാ പരിശീലനത്തിനുള്ള ഫീസും വീട്ടു വാടകയും അടയ്‌ക്കാൻ പണമില്ലെന്നും ചോദ്യം ചെയ്യലിനിടെ വിദ്യാർഥികൾ പറഞ്ഞതായി ഗോസൽപൂർ പോലീസ് സ്റ്റേഷൻ ഇൻചാർജ് എച്ച്.ആർ സിൻഹ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.