ബംഗളൂരു: ഇൻഷുറൻസ് തുക തട്ടാൻ റോഡപകടമുണ്ടാക്കി ഭിക്ഷാടകനെ കൊലപ്പെടുത്തിയയാളും ലോറി ഡ്രൈവറും അറസ്റ്റിൽ. ബംഗളൂരു ഹൊസൊകോട്ടെ സ്വദേശി മുനിസ്വാമി ഗൗഡ, ലോറിഡ്രൈവർ ദേവേന്ദ്ര നായക എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയും മുനിസ്വാമി ഗൗഡയുടെ ഭാര്യയുമായ ശിൽപ റാണി ഒളിവിലാണ്.
മുനിസ്വാമി ഗൗഡയുടെ രൂപത്തോട് സാമ്യത തോന്നുന്ന ഭിക്ഷാടകനെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ടയർ കട നടത്തിപ്പിന്റെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാനാണ് മുനിഗൗഡ പദ്ധതി ആസൂത്രണം ചെയ്തതെന്നും പൊലീസ് അറിയിച്ചു.
ആഗസ്റ്റ് 13ന് ഹാസനിലായിരുന്നു കൊലപാതകം. മുനിഗൗഡയും ശിൽപറാണിയും ഭിക്ഷാടകനുമായി സൗഹൃദം സ്ഥാപിച്ച ശേഷം കാറിൽ ഒരുമിച്ച് യാത്രതിരിച്ചു. യാത്രക്കിടെ ടയർ പഞ്ചറായെന്ന് പറഞ്ഞ് മുനിസ്വാമി വാഹനം നിർത്തുകയും കൂടെയുണ്ടായിരുന്ന ഭിക്ഷാടകനോട് സഹായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇയാൾ ടയർ മാറ്റാൻ തുടങ്ങിയപ്പോൾ മുനിഗൗഡ അതുവഴിവന്ന ദേവേന്ദ്ര നായക ഓടിച്ച ലോറിക്കടിയിലേക്ക് തള്ളിയിടുകയായിരുന്നു.
മുനിസ്വാമി വാഹനാപകടത്തിൽ മരിച്ചെന്ന രീതിയിൽ ശിൽപറാണി പൊലീസിന് മൊഴിയും നൽകി. സംസ്കാര ചടങ്ങുകൾ നടത്തിയ ശേഷം ശിൽപറാണി ഇൻഷുറൻസ് തുകക്കായുള്ള നടപടി ആരംഭിച്ചു. എന്നാൽ, മുനിസ്വാമി സഹായത്തിനായി തന്റെ ബന്ധുവായ സിദ്ദലഘട്ട പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ശ്രീനിവാസിനെ കണ്ടതാണ് വഴിത്തിരിവായത്. ശ്രീനിവാസ് സഹായിക്കാൻ തയാറാവാതെ ഉടൻ ഹാസൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മുനിസ്വാമി കുറ്റം സമ്മതിക്കുകയും ചെയ്തു. ഭാര്യയെ നോമിനിയാക്കി ഇയാൾ നിരവധി ലൈഫ് ഇൻഷുറൻസ് പോളിസികളിൽ ചേർന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.