ചെന്നൈ: ക്ലാസ് മുറിയിൽ വിദ്യാർഥിയെ ക്രൂരമായി മർദിച്ച അധ്യാപകൻ അറസ്റ്റിൽ. ചിദംബരത്തിനടുത്ത ഗവ. നന്ദനാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ് അധ്യാപകനായ സുബ്രമണ്യം (45) ആണ് പ്രതി.
പതിവായി ക്ലാസ് കട്ട് ചെയ്തിരുന്ന പ്ലസ്ടു വിദ്യാർഥിയെ മുട്ടുകുത്തി നിർത്തിച്ച് മുടിയിൽ പിടിച്ച് തുടർച്ചയായി ചൂരൽ െകാണ്ട് തല്ലുകയും കാലിൽ ചവിട്ടുകയും ചെയ്തതിെൻറ വീഡിയോ ദൃശ്യങ്ങളാണ് പുറത്തായിരുന്നത്. ചില വിദ്യാർഥികളെ നിലത്തും ഇരുത്തിയിരുന്നു.
ഒക്ടോബർ 13നായിരുന്നു സംഭവം. ക്ലാസിലെ വിദ്യാർഥിയാണ് മൊബൈൽഫോണിൽ വിഡിയോ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് താൽപര്യമുള്ള വിദ്യാർഥികൾ ക്ലാസുകളിൽ ഹാജരായാൽ മതിയെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കവെയാണ് അധ്യാപകെൻറ ശിക്ഷാനടപടി.
രാഷ്ട്രീയകക്ഷികളും ജനപ്രതിനിധികളും സംഭവത്തിൽ പ്രതിഷേധിച്ചതോടെ കടലൂർ ജില്ല കലക്ടർ കെ. ബാലസുബ്രമണ്യം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി/വർഗ പീഡന നിരോധന നിയമം ഉൾപ്പെടെ അഞ്ച് വകുപ്പുകൾ പ്രകാരമാണ് അധ്യാപകനെതിരെ ചിദംബരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
അറസ്റ്റിലായ സുബ്രമണ്യത്തെ കടലൂർ ജയിലിൽ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ വകുപ്പുതല നടപടി ഉണ്ടാവുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ആറാം ക്ലാസ് മുതൽ പ്ലസ്ടു വരെ ക്ലാസുകളുള്ള സ്കൂളിൽ 500ലധികം വിദ്യാർഥികളാണ് പഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.