ജോ​സ​ഫ്, സെ​ബാ​സ്റ്റ്യ​ൻ, ര​മേ​ശ്, വി​ഷ്ണു, ഗി​രീ​ഷ്

ക്ഷേത്രങ്ങളിൽ മോഷണം: അഞ്ചംഗസംഘം പിടിയിൽ

ഹരിപ്പാട്: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. ചിങ്ങോലി കാവിൽപടിക്കൽ ക്ഷേത്രം, ഏവൂർ കണ്ണമ്പള്ളിൽ ദേവീക്ഷേത്രം എന്നിവിടങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ടാണ് ഇവരെ കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലെ പത്തോളം മോഷണങ്ങളിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആലപ്പുഴ തുമ്പോളിയിൽ താമസിച്ചു വരുകയായിരുന്ന കോട്ടയം പൂവരണി കൊട്ടയ്ക്കാട്ട് വീട്ടിൽ ജോയ് എന്ന ജോസഫ് (54), ആലപ്പുഴ കലവൂർ പള്ളിപ്പറമ്പിൽ വീട്ടിൽ സെബാനെന്ന് വിളിക്കുന്ന സെബാസ്റ്റ്യൻ (32), അടിമാലി മാന്നാംകണ്ടം മംഗലത്ത് വീട്ടിൽ രമേശ് (27), അടിമാലി മാന്നാംകണ്ടം നന്ദനം വീട്ടിൽ വിഷ്ണു (30), പത്തനംതിട്ട ഓമല്ലൂർ വാഴമുട്ടം നെല്ലിക്കുന്നേൽ വീട്ടിൽ അമ്പി എന്ന ഗിരീഷ് (51) എന്നിവരെയാണ് കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്.

രണ്ടര വർഷമായി തൃശൂർ മുതൽ കൊല്ലം വരെ വിവിധ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും കടകളിലും മോഷണം നടത്തിയതായി സംഘം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പല സംഭവങ്ങളിലും പരാതിയില്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പൊലീസ് പരിശോധിച്ചുവരുകയാണ്.

കരീലകുളങ്ങര രാമപുരം ക്ഷേത്രത്തിലെ മോഷണശ്രമത്തിന് പിന്നിലും ഇതേ സംഘമാണ്. ഒന്നാം പ്രതിയായ പൂവരണി ജോയ് കുപ്രസിദ്ധ അമ്പലമോഷ്ടാവാണ്. കോട്ടയം സ്വദേശിയായ ഇയാൾ നൂറിലധികം അമ്പല മോഷണക്കേസുകളിൽ പ്രതിയാണ്. 2017ൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയശേഷം ആലപ്പുഴ വാടക്കൽ, തുമ്പോളി ഭാഗങ്ങളിൽ താമസിച്ച് മത്സ്യക്കച്ചവടം നടത്തിവരുകയായിരുന്നു. 2020 മുതൽ വീണ്ടും മോഷണം ആരംഭിച്ചു. സെബാസ്റ്റ്യൻ വെട്ടുകേസുകളടക്കം നിരവധി കേസുകളിൽ പ്രതിയാണ്. രമേശ്‌ നേരത്തേ കോതമംഗലം പൊലീസ് സ്റ്റേഷനിൽ മോഷണശ്രമകേസിൽ പിടിയിലായി ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വിഷ്ണു രമേശിനൊപ്പം വെൽഡിങ് ജോലികൾ ചെയ്തുവരുന്നയാളാണ്. അമ്പി ഗിരീഷും നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

രണ്ടുവർഷമായി പ്രതികൾ എല്ലാവരും ചേർന്നോ ഒറ്റക്കോ മോഷണങ്ങൾ നടത്തിവരുന്നു. ഏവൂർ കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ മോഷണത്തിനുശേഷം ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണമാരംഭിച്ചത്. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ കരീലകുളങ്ങര സി.ഐ സുധിലാൽ എസ്.ഐമാരായ ഷെഫീഖ്, മുജീബ്, എ.എസ്.ഐ പ്രദീപ്, പൊലീസ് ഉദ്യോഗസ്ഥരായ എസ്.ആർ. ഗിരീഷ്, മണിക്കുട്ടൻ, ഇല്യാസ് ഇബ്രാഹിം, നിഷാദ്, ദീപക്, ഷാജഹാൻ, ഷെമീർ, ശ്യാം, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Temple robbery: Five arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.