കോഴിക്കോട്: താമരശ്ശേരി പരപ്പന്‍പൊയിലില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിന്റെ വിഡിയോ പുറത്ത്. പരപ്പന്‍പൊയിലില്‍ കുറുന്തോട്ടികണ്ടിയില്‍ മുഹമ്മദ് ഷാഫിയുടെ വിഡിയോയാണ് പുറത്തുവന്നത്. 80 കോടി രൂപയുടെ സ്വര്‍ണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും എത്രയുംവേഗം മോചിപ്പിക്കാൻ ശ്രമിക്കണമെന്നുമാണ് ഷാഫി വിഡിയോയില്‍ പറയുന്നത്.
തട്ടിക്കൊണ്ടുപോയവരെ കുറിച്ചോ എവിടെയാണുള്ളതെന്നോ വിഡിയോയിൽ സൂചനയില്ല. എവിടെ നിന്നാണ് വിഡിയോ എടുത്തതെന്നും പൊലീസിന് മനസിലാക്കാനായിട്ടില്ല. "325 കിലോ സ്വര്‍ണം ഞാനും ബ്രദറും കൊണ്ടുവന്നതിന്റെ പേരിലാണ് എന്നെ കിഡ്‌നാപ് ചെയ്തിരിക്കുന്നത്. അത് ഏകദേശം 80 കോടിയോളം രൂപയുടേതാണ്. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് ഡീറ്റെയിലായിട്ട് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയുംപെട്ടെന്ന് ഈ കാര്യങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ അവര്‍ കേസും കൂട്ടവും പോലീസും പ്രശ്‌നവും കാര്യങ്ങളുമൊക്കെ ആകും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കില്‍ വേറൊരു വഴിയോ കാര്യങ്ങളോ ഉണ്ടാകില്ല. അതുകൊണ്ട് എത്രയുംപെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക. പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട്...''- എന്നുപറഞ്ഞാണ് ഷാഫിയുടെ വീഡിയോ അവസാനിക്കുന്നത്.
തട്ടിക്കൊണ്ടുപോയവര്‍ നിര്‍ബന്ധിച്ച് ചിത്രീകരിച്ച വിഡിയോയാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് പൊലീസ് കരുതുന്നത്. വീഡിയോ ചിത്രീകരിച്ച സ്ഥലവും മറ്റും തിരിച്ചറിയാതിരിക്കാനും ഇവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഏപ്രില്‍ ഏഴാം തീയതി രാത്രിയാണ് ഷാഫിയെ വീട്ടില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. ഭാര്യയെയും കാറില്‍ കയറ്റിയിരുന്നെങ്കിലും ഇവരെ പിന്നീട് വഴിയില്‍ ഇറക്കിവിട്ടു. എന്നാല്‍ സംഭവം നടന്ന് ആറുദിവസമായിട്ടും ഷാഫിയെ കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.