പൊന്നാനി: എടപ്പാൾ തലമുണ്ടയിൽ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കുന്നംകുളം കാട്ടകമ്പാൽ സ്വദേശി പെരുമ്പുള്ളി പറമ്പിൽ സുമേഷാണ് (40) അറസ്റ്റിലായത്. എടപ്പാളിലെ വർക് ഷോപ്പ് ജീവനക്കാരനാണ് സുമേഷ്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് തലമുണ്ട സി.എം.സി.എൽ.പി സ്കൂളിന് സമീപത്ത് ടൈലറിങ് ഷോപ്പ് നടത്തുന്ന ചെമ്പ്രയിൽ മണികണ്ഠന്റെ ഭാര്യ സിന്ധുവിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടത്. സമീപത്തെ സി.സി.ടി.വിയിൽ പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞതിനാൽ ഇയാൾ പോയ വഴിയിലെ മറ്റ് സി.സി.ടി.വികളും പൊന്നാനി പൊലീസ് പരിശോധിച്ചു.
ജില്ലാതിർത്തിയായ കോലിക്കരയിലെ സി.സി.ടി.വിയിൽ ഇയാൾ സഞ്ചരിച്ച വാഹനത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. വീടിന്റെ വാടക നൽകാനും കടം വാങ്ങിയ തുക തിരികെ നൽകാനും പണമില്ലാത്തതിനാലാണ് മോഷണത്തിന് ശ്രമിച്ചതെന്ന് പ്രതി പറഞ്ഞു. പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ പൊന്നാനി എസ്.ഐ സുജിത്, സി.പി.ഒമാരായ രഘു, വിനീത്, പ്രവീൺ, മനോജ് എന്നിവരാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.