നിലമ്പൂർ: രാമപുരം ആയിശ കൊലക്കേസിൽ അറസ്റ്റിലായ മമ്പാട് സ്വദേശി നിഷാദലിക്ക് നാടാകെ കടം. വൻ കടബാധ്യത വന്നതോടെയാണ് അറുംകൊലക്ക് തുനിയുന്നത്. കടം തീർക്കാൻ മുമ്പ് നടത്തിയ മോഷണങ്ങൾക്കും തുമ്പായി. നിഷാദലിക്കെതിരെ നിലമ്പൂർ സ്റ്റേഷനിലും രണ്ട് കേസുകളുണ്ട്. കളവുകേസിലും തട്ടിപ്പ് കേസിലും ലഭിച്ച പരാതികളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്. നിലമ്പൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് നിഷാദലിയെ കൊലക്കേസിൽ അറസ്റ്റ് ചെയ്തത്.
മമ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 80,000 രൂപ മോഷ്ടിച്ച കേസിൽ ഇയാളാണ് പ്രതിയെന്ന് പൊലീസിന് തെളിവ് ലഭിച്ചു. ജൂലൈ പത്തിനാണ് സ്കൂളിൽ മോഷണം നടന്നത്. സഹ അധ്യാപകരിൽനിന്നും നാട്ടുകാരിൽനിന്നും ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയതായും പറയുന്നുണ്ട്. നിഷാദലിയെ നിലമ്പൂർ പൊലീസും കസ്റ്റഡിയിൽ ആവശ്യപ്പെടും.
മമ്പാട് സ്കൂളിലെ മോഷണക്കേസിനും തുമ്പായി
പെരിന്തൽമണ്ണ: ആയിശയുടെ കൊലപാതകക്കേസിലെ അന്വേഷണത്തിൽ മമ്പാട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മോഷണക്കേസും തെളിഞ്ഞു. ജൂലൈയിൽ രാത്രി സ്കൂളിലെ പൂട്ട് തകർത്ത് 80,000 രൂപയും ഒരുലക്ഷം വില വരുന്ന കാമറയും കളവുപോയിരുന്നു. നിലമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു. നിഷാദലിയെ ചോദ്യം ചെയ്തതിൽ ഇതിനും തുമ്പുണ്ടായി.
പത്ത് വർഷം ജോലി ചെയ്ത് വിശ്വാസം പിടിച്ചുപറ്റിയ സ്കൂളിൽ നടത്തിയ മോഷണത്തിൽ തന്നെ തിരിച്ചറിയാതിരിക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ പതിഞ്ഞ ഡി.വി.ആർ (ഡിജിറ്റൽ വിഡിയോ റെക്കോഡർ) നശിപ്പിക്കാനായി വടപുറം പുഴയിൽ എറിഞ്ഞതായും സ്കൂളിൽനിന്ന് മോഷ്ടിച്ച കാമറ കോഴിക്കോട് ബസ് സ്റ്റാൻഡിനടുത്തുള്ള കടയിൽ വിൽപന നടത്തിയതായും ഇയാൾ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.