കലഞ്ഞൂരിലെ യുവാവിന്‍റെ മരണം കൊലപാതകമെന്ന് നിഗമനം

കോന്നി: കലഞ്ഞൂർ കാരുവയലിൽ യുവാവിന്‍റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ മരണം കൊലപാതകമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കാരുവയൽ അനന്തു ഭവനിൽ അനന്തുവിന്‍റെ (28) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കാരുവയൽ പാലത്തിന് സമീപം കനാലിൽ കണ്ടെത്തിയത്.

യുവാവിന്‍റെ തലക്ക് പിറകിൽ കാണപ്പെട്ട വെട്ടേറ്റപോലെയുള്ള വലിയപാടും മുഖത്തെ പാടുകളും കൊലപാതക സാധ്യത വർധിപ്പിക്കുന്നതായി അന്വേഷണസംഘം പറയുന്നു. ഞായറാഴ്ച രാത്രി അനന്തുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ കൂടൽ പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം കണ്ടെത്തിയതിന് അരകിലോമീറ്റർ അകലെ പ്ലാന്‍റേഷൻ കോർപറേഷൻ റബർ എസ്റ്റേറ്റിനുള്ളിൽ ആക്രമണം നടന്നുവെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ചോരപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.

കനാലിലേക്കുള്ള വഴിയിലും ചോരപ്പാടുകൾ ഉണ്ട്. ഇതിന് സമീപത്ത് കനാലിൽനിന്ന് അനന്തുവിന്‍റെ മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്നും അനന്തുവിന്‍റെ മുടിയുടെ ഭാഗവും കണ്ടെത്തി. മൃതദേഹം കണ്ടെത്തുമ്പോൾ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. മരണവുമായി ബന്ധപ്പെട്ട് അയൽവാസിയായ ഒരാളെ പൊലീസ് തിരയുന്നുണ്ട്.

നന്നായി നീന്തൽ വശമുള്ള അനന്തു മുങ്ങി മരിക്കില്ലെന്ന് ഉറപ്പുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകൂ.

Tags:    
News Summary - The death of a young man in Kalanjoor was concluded to be murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.