പത്തനംതിട്ട: ഇലവുംതിട്ട നല്ലാനിക്കുന്നിൽ ഓണാഘോഷത്തിനിടെയുണ്ടായ കത്തിക്കുത്തിൽ ഒന്നാംപ്രതിയെ പിടികൂടി. മെഴുവേലി പൂപ്പൻകാല അംഗൻവാടിക്ക് സമീപം മോടിയിൽ വീട്ടിൽ പീപ്പൻ എന്ന എസ്. സജിത്താണ് (39) പിടിയിലായത്. സംഭവത്തെത്തുടർന്ന് ആൾക്കൂട്ടത്തിനിടയിൽനിന്ന് ഓടിരക്ഷപ്പെട്ട ഒന്നാംപ്രതി, ഇയാളുടെ തുടക്ക് പരിക്കേറ്റതിന് ചികിത്സതേടി അടൂർ ജനറൽ ആശുപത്രിയിൽ എത്തി. ഈ വിവരം അറിഞ്ഞ് ശനിയാഴ്ച വെളുപ്പിന് അവിടെയെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
ചെന്നീർക്കര നല്ലാനിക്കുന്ന് ഡ്രീംസ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തിരുവോണദിവസം നടന്ന പരിപാടി ഇയാൾ ഉൾപ്പെടെയുള്ള ഏഴുപേരുടെ സംഘം അലങ്കോലമാക്കിയതാണ് സംഘർഷത്തിനും ആക്രമണത്തിനും ഇടയാക്കിയത്. സംഘാടകരായ നാലുപേർക്ക് ഇവരുടെ ആക്രമണത്തിൽ കുത്തേറ്റിരുന്നു. ആറാംപ്രതി പാണ്ടനാട് കീഴ്വന്മൂഴിയിൽ പൂപ്പുറത്ത് തകിടിയിൽ വീട്ടിൽ നിധീഷ് കുമാർ (26), ഏഴാംപ്രതി പാണ്ടനാട് കീഴ്വന്മൂഴിയിൽ വാലിയേഴത്ത് വീട്ടിൽ അഖിൽ (22) എന്നിവരെ പിടികൂടിയിരുന്നു. രണ്ടുമുതൽ അഞ്ചുവരെ പ്രതികൾ ഒളിവിലാണ്. ചെന്നീർക്കര ഇലവുംതിട്ട നല്ലാനിക്കുന്ന് പ്ലാവ് നിൽക്കുന്നതിൽ വീട്ടിൽ ആരോമൽ (20), ഇയാളുടെ ചേട്ടൻ അഖിൽ, സുഹൃത്തുക്കളായ വിജേഷ്, സുബിൻ എന്നിവർക്കാണ് കുത്തേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.