കോവളത്ത് ലാത്വിയൻ വനിത ലിഗയെ കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ തള്ളിയ കേസ് അന്വേഷണ ഉദ്യേഗസ്ഥരെ അൽപമൊന്നുമല്ല കുഴക്കിയിരുന്നത്. പ്രോസിക്യൂഷൻ ഹാജരാക്കിയ സാഹചര്യത്തെളിവും ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളും അടിസ്ഥാനമാക്കി കോവളം സ്വദേശികളായ ഉദയൻ, ഉമേഷ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയപ്പോഴാണ് അന്വേഷണ ഉദ്യേഗസ്ഥർക്ക് ആശ്വാസമായത്.
കൊല്ലപ്പെട്ട് 38 ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത് എന്നത് അന്വേഷണത്തിൽ ഏറെ വെല്ലുവിളിയായിരുന്നു. മൃതദേഹം ജീർണിച്ച നിലയിലായിരുന്നതിനാൽ പല തെളിവും നഷ്ടപ്പെട്ടിരുന്നു.
പ്രദേശത്തെക്കുറിച്ച് ഒരു പരിചയവുമില്ലാത്ത യുവതിക്ക് സ്ഥലം നന്നായി അറിയാവുന്ന ആളുടെ സഹായമില്ലാതെ എത്താൻ സാധിക്കില്ലെന്ന വാദം അംഗീകരിക്കപ്പെട്ടു. ഇത് ആര് എന്നതായിരുന്നു അടുത്ത ചോദ്യം. 18 സാഹചര്യങ്ങൾ പ്രോസിക്യൂഷൻ മുന്നോട്ടുെവച്ചു. അത് കോടതി അംഗീകരിച്ചു.
നിർണായക സാക്ഷിയായ കെമിക്കൽ എക്സാമിനർ മൊഴിമാറ്റിയെങ്കിലും മറ്റ് റിപ്പോർട്ടുകൾ ഗുണംചെയ്തു. രണ്ട് സാക്ഷികൾ മാത്രമാണ് കൂറ് മാറിയത്. പോസ്റ്റ്മോർട്ടം നടത്തിയ ഡോ. ശശികലയുടെ സംശയത്തിന് ഇടയില്ലാത്ത വിധമുള്ള റിപ്പോർട്ട് കോടതി അംഗീകരിച്ചു. സാഹചര്യത്തെളിവുകളെ അടിസ്ഥാനമാക്കി ബലാത്സംഗം തെളിയിക്കാമെന്ന് സുപ്രീംകോടതി മുമ്പ് വ്യക്തമാക്കിയിരുന്നു.
സ്വകാര്യഭാഗത്ത് മുറിവുകൾ ഉണ്ടായിരുന്നു. മൃതദേഹത്തിൽ അടിവസ്ത്രം ഉണ്ടായിരുന്നില്ല. ഒന്നാംപ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അടിവസ്ത്രം കണ്ടെത്തി. ഇത് താൻ വിദേശത്തുനിന്ന് വാങ്ങി നൽകിയതാണെന്ന് യുവതിയുടെ സഹോദരി തിരിച്ചറിഞ്ഞു. ഇത്തരം സാഹചര്യത്തെളിവുകളിലൂടെയാണ് പ്രതികളെ കുടുക്കിയത്.
കുറ്റപത്രം നൽകി മൂന്നുവർഷത്തിന് ശേഷമാണ് വിധി വരുന്നത്. ഹൈകോടതി നിർദേശപ്രകാരമാണ് വിചാരണ പൂർത്തിയാക്കിയത്. അസി.കമീഷണർ ദിനിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.