കൊണ്ടോട്ടി: മണിചെയിന്‍ മാതൃകയില്‍ 50 കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാനി അറസ്റ്റില്‍. പാലക്കാട് പട്ടാമ്പി തിരുമിറ്റിക്കോട് കള്ളിയത്ത് രതീഷ് എന്ന രതീഷ് ചന്ദ്രയെ (43) ആണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കോഴിക്കോട്ടെ ഫ്ലാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാൾ. ഇയാളുടെ കൂട്ടാളി തൃശൂര്‍ സ്വദേശി ബാബുവിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
കേരളം, തമിഴ്‌നാട്, ബംഗാള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. 2020 ഒക്ടോബര്‍ 15ന് തൃശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് എന്ന സ്ഥാപനം ആരംഭിച്ചാണ് രതീഷ് ചന്ദ്രയും ബാബുവും തട്ടിപ്പിന് തുടക്കമിടുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും എക്സിക്യൂട്ടിവുമാരെ വലിയ ശമ്പളത്തിൽ നിയമിച്ചായിരുന്നു സാമ്പത്തിക സമാഹരണം.
11,250 രൂപ കമ്പനിയില്‍ അടക്കുന്നയാള്‍ക്ക് ആറുമാസം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനുള്ളില്‍ 10 തവണകളായി 2,70,000 രൂപയും ആര്‍.പി ബോണസായി 81 ലക്ഷം രൂപയും കൂടാതെ റഫറല്‍ കമീഷനായി 20 ശതമാനവും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഒരാളെ ചേര്‍ത്താല്‍ 2000 രൂപ ഉടനടി അക്കൗണ്ടില്‍ എത്തും. 100 പേരെ ചേര്‍ത്താല്‍ കമ്പനിയുടെ സ്ഥിരം സ്റ്റാഫായി നിയമനവും വലിയ തുക ശമ്പളവും ഇവര്‍ വാഗ്ദാനം ചെയ്തു. ഗള്‍ഫില്‍ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കുന്നവരുമുള്‍പ്പെടെ 35,000ത്തോളം പേരാണ് ഈ വാഗ്ദാനത്തില്‍ വീണതെന്ന് പൊലീസ് പറഞ്ഞു.
2022 ജൂണ്‍ മൂന്നിന് മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് ഇവരെ പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ചുവരുകയായിരുന്നു. ഇതിനിടെ കമ്പനി പറഞ്ഞ ലാഭവും നിക്ഷേപിച്ച പണവും തിരികെ ലഭിക്കാതായതോടെ പലരും പരാതിയുമായി പൊലീസിനെ സമീപിച്ചു. പൊലീസ് സൈബര്‍ ഡോമിന്‍റ പേരില്‍ വ്യാജ ബ്രോഷറുകള്‍ വിതരണം ചെയ്തും വിവിധ ബിസിനസ് മാസികകളില്‍ സ്പോണ്‍സേഡ് ലേഖനങ്ങള്‍ പ്രസിദ്ധീകരിപ്പിച്ചുമാണ് പ്രതികള്‍ തട്ടിപ്പു നടത്തിവന്നത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതിനും ഫ്ലാറ്റും സ്ഥലങ്ങളും വാങ്ങുന്നതിനും ഉപയോഗിച്ചതായും ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.
കോഴിക്കോട്ട് വന്‍ തുകക്ക് അഞ്ചിലധികം ഫ്ലാറ്റുകള്‍ വാടകക്കെടുത്താണ് രതീഷ് ചന്ദ്ര ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും ഫ്ലാറ്റുകളില്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പിന് ഉപയോഗിച്ച ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, വിവിധ രേഖകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി രതീഷ് ചന്ദ്രയെ കസ്റ്റഡിയില്‍ വാങ്ങും.
ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷറഫിന്‍റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഇൻസ്പെക്ടര്‍ മനോജ് പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി. സഞ്ജീവ്, ഷബീര്‍, രതീഷ് ഒളരിയന്‍, സബീഷ്, സുബ്രഹ്മണ്യന്‍, പ്രശാന്ത്, ശ്രീജിത്ത്, ഗീത എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.