പൊലീസിൽ പരാതി നൽകിയ വയോധികന്റെ വീടും വാഹനവും തകർത്തു

തിരുവല്ല: വീട്ടിലേക്കുള്ള വഴി അയൽവാസി കെട്ടിയടച്ചതായി പൊലീസിൽ പരാതി നൽകിയ വയോധികന്റെ വീടും വാഹനവും അടിച്ചു തകർത്തു. കുറ്റൂർ പതിനൊന്നാം വാർഡിൽ തലയാർ മലയിൽ പുത്തൻവീട്ടിൽ രാജു ഭാസ്കർ എന്ന 60 കാരന്റെ വീടും കാറുമാണ് തകർത്തത്.

ഇക്കഴിഞ്ഞ 21ന് പുലർച്ചെയാണ് സംഭവം പുറത്തിറഞ്ഞത്. മൂന്നുവർഷം മുമ്പ് ഭാര്യ മരിച്ച രാജു ഭാസ്കർ വീട്ടിൽ തനിച്ചാണ് താമസം. വീട്ടിലേക്കുള്ള വഴിയെ ചൊല്ലി രാജു ഭാസ്കറും ഭാര്യ സഹോദരനും അയൽവാസിയുമായ രാജ് മോഹനും തമ്മിൽ വർഷങ്ങളായി തിരുവല്ല കോടതിയിൽ നിലനിന്നിരുന്ന കേസ് സംബന്ധിച്ച് ഇരു കൂട്ടരും നൽകിയ ഹർജികൾ കഴിഞ്ഞ 19 ന് കോടതി തള്ളിയിരുന്നു. അപ്പീൽ നൽകുന്നതിനായി രാജു ഭാസ്കർ 20ന് തിരുവല്ല കോടതിയിൽ വിധി പകർപ്പിനായി അപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെ ഇരുപതാം തീയതി രാജ്മോഹൻ വഴി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് കെട്ടിയടച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജു ഭാസ്കർ 20 ന് ഉച്ചയോടെ തിരുവല്ല ഡിവൈഎസ്പി മുമ്പാകെ പരാതി നൽകി.

തുടർന്ന് അയൽവാസിയുടെ ഭീഷണിയെ തുടർന്ന് രാജു ഭാസ്കർ ഓതറയിലെ ബന്ധു വീട്ടിലേക്ക് പോയി. 21ന് പുലർച്ചെയോടെയാണ് വീടിന്റെ അടുക്കളയുടെയും കിടപ്പുമുറിയുടെയും ജനാലകളും കാറും അടിച്ചു തകർക്കപ്പെട്ട നിലയിൽ കണ്ടത്. വീടും കാറും തകർത്തതിൽ രാജു ഭാസ്കർ തിരുവല്ല ഡിവൈഎസ്പിക്ക് 21ന് പരാതി നൽകി. എന്നാൽ പരാതി നൽകി രണ്ട് ദിവസം പിന്നിട്ടിട്ടും പ്രാഥമിക അന്വേഷണം നടത്താൻ പോലും പൊലീസ് തയ്യാറായില്ലെന്ന് രാജു ഭാസ്കർ പറയുന്നു. ജീവ ഭയം മൂലം കഴിഞ്ഞ രണ്ടു ദിവസമായി ഓതറയിലെ ബന്ധുവീട്ടിലാണ് താമസമെന്നും രാജു ഭാസ്കർ പറഞ്ഞു. അതേ സമയം വീടും കാറും തകർത്ത സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് രാജ് മോഹനും കുടുംബവും പ്രതികരിച്ചു.

Tags:    
News Summary - The house and vehicle of an elderly person who lodged a complaint were vandalized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.