കോങ്ങാട്: പട്ടാപ്പകൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മൂന്നരലക്ഷം രൂപ വിലമതിക്കുന്ന ഒമ്പതുപവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. കോങ്ങാട് മണ്ണാംതറ ചോലക്കുണ്ട് ചന്ദ്രികയുടെ വീട്ടിലാണ് മോഷണം നടന്നത്. മകൾ സുജാതയുടെ ആഭരണങ്ങളാണ് നഷ്ടമായത്. തിങ്കളാഴ്ച വീട് പൂട്ടി കോങ്ങാട് തുണിക്കടയിലെ ജീവനക്കാരിയായ സുജാതയും മരപ്പണിക്കാരനായ ഭർത്താവ് രമേശും ജോലിക്ക് പോയിരുന്നു.
മാതാവ് ചന്ദ്രിക വീട്ടിനടുത്തുള്ള സ്ഥലത്ത് തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്നു. രണ്ടുമക്കൾ ജോലിസ്ഥലത്തും മറ്റൊരാൾ കോളജിലേക്കും പോയിരുന്നതിനാൽ വീട്ടിലാരും ഉണ്ടായിരുന്നില്ല. ഓടിട്ട വീടിന്റെ പിറകിലെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്.
മുൻവശത്തെ വാതിൽ പൂട്ടിയിട്ട നിലയിലായിരുന്നു. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. അലമാരയിലെ പഴ്സിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ നിലത്ത് വീണതിനാൽ നഷ്ടമായില്ല. ജോലിസ്ഥലത്തുനിന്ന് തിങ്കളാഴ്ച ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയവരാണ് പിറകിലെ വാതിൽ തുറന്നിട്ട നിലയിൽ കണ്ടത്. വീട്ടുകാരുടെ പരാതിയിൽ കോങ്ങാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.