മേപ്പാടി: ഗോസ്റ്റ്, വേട്ടാളന്‍, ബുളു, ശുപ്പാണ്ടി എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ അറിയപ്പെട്ട ഏഴു ഗുണ്ടകളെ ഒരു മാസത്തിനുള്ളില്‍ പിന്തുടര്ന്ന് പിടികൂടി തുറുങ്കിലടച്ച് മേപ്പാടി പൊലീസ്. യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുറ്റവാളികളെ മേപ്പാടി പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം അഞ്ചിന് പുലര്‍ച്ച വടുവന്‍ചാല്‍ ടൗണില്‍ കാര്‍ ബൈക്കിനോട് ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിച്ചു പരിക്കേല്‍പ്പിച്ച് കാര്‍ തട്ടിയെടുത്ത സംഭവത്തിലാണ് മുഴുവന്‍ പ്രതികളെയും പൊലീസ് വലയിലാക്കിയത്.
തോമ്മാട്ടുചാല്‍, കടല്‍മാട്, കൊച്ചു പുരക്കല്‍ വീട്ടില്‍ വേട്ടാളന്‍ എന്ന അബിന്‍ കെ. ബോവസ് (29), മലപ്പുറം, കടമ്പോട്, ചാത്തന്‍ചിറ വീട്ടില്‍ ബാദുഷ (26), മലപ്പുറം, തിരൂര്‍, പൂക്കയില്‍ പുഴക്കല്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (29), വടുവഞ്ചാല്‍, കോട്ടൂര്‍, തെക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന് ജോസഫ് (35), ചുള്ളിയോട്, മാടക്കര, പുത്തന്‍വീട്ടില്‍ വീട്ടില്‍ മുഹമ്മദ് ഷിനാസ് (23), ചെല്ലങ്കോട്, വട്ടച്ചോല, വഴിക്കുഴിയില്‍ വീട്ടില്‍ ശുപ്പാണ്ടി എന്ന ടിനീഷ് (31), ഗോസ്റ്റ് അഖില്‍ എന്ന ചെല്ലങ്കോട് ചിത്രഗിരി പള്ളിക്കുന്നേല്‍ വീട്ടില്‍ അഖില്‍ ജോയ്(32) എന്നിവരെയാണ് പിടികൂടിയത്.
2021ല്‍ സുൽത്താൻ ബത്തേരി സ്റ്റേഷന് പരിധിയില്‍ കൊലപാതക കേസിലും എന്‍.ഡി.പി.എസ് കേസിലും മീനങ്ങാടി പൊലീസ് സ്റ്റേഷനില്‍ പോക്സോ കേസിലും പ്രതിയായ ബാദുഷയെയും എക്സൈസ് കേസിലും ഉള്‍പ്പെട്ടിട്ടുള്ള മുഹമ്മദ് റാഷിദിനെയും മേയ് ഏഴിന് മുട്ടിലില്‍ വെച്ചാണ് പിടികൂടിയത്. മുഹമ്മദ് റാഷിദില്‍നിന്ന് 19.79 ഗ്രാം എം.ഡി.എം.എയും കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, ഒളിവില്‍ പോയ പ്രതികള്‍ക്കുള്ള അന്വേഷണം ശക്തമാക്കി. സൈബര്‍ സെല്ലിന്റെയും സ്പെഷല്‍ സ്ക്വാഡിന്റെയും സഹായത്തോടെയുള്ള അന്വേഷണത്തില്‍ വേട്ടാളന്‍ എന്ന അബിന്‍ കെ. ബോവസിനെ പിടി കൂടി മേയ് 19ന് അറസ്റ്റ് ചെയ്തു.
2021ല്‍ അമ്പലവയല്‍ സ്റ്റേഷന് പരിധിയിലെ വളശ്ശേരി എന്ന സ്ഥലത്തെ ഒരു വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അബിന്‍. ഇയാള്‍ക്ക് മറ്റു അടിപിടി കേസുമുണ്ട്. ബുളു എന്ന ജിതിന് ജോസഫിനെയും മുഹമ്മദ് ഷിനാസിനെയും ശുപ്പാണ്ടി എന്ന ടിനീഷിനെയും മേയ് 29ന് കസ്റ്റഡിയിലെടുത്തു. 'ഓപറേഷന് ആഗ്'മായി ബന്ധപ്പെട്ട് മേപ്പാടി പൊലീസ് കരുതല്‍ തടങ്കലിലാക്കിയവരില്‍ നിന്നും ലഭിച്ച സൂചനയില്‍ നിന്നാണ് ജിതിന് ജോസഫിനെ പൊലീസ് വലയിലായത്. ഇയാള്‍ കര്‍ണാടകയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ജില്ല പൊലീസിന്റെ പ്രത്യേക സ്ക്വാഡ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ജിതിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റു പ്രതികളിലേക്ക് പൊലീസ് എത്തിയത്. മുഹമ്മദ് ഷിനാസിനെ അമ്മായിപാലത്ത് നിന്നും ടിനീഷിനെ മാടക്കര എന്ന സ്ഥലത്ത് നിന്നും പിടികൂടുകയായിരുന്നു. ജിതിന് ജോസഫിന് അമ്പലവയല്‍, കല്പറ്റ, ഹൊസൂര്‍, താമരശ്ശേരി, മീനങ്ങാടി, സുൽത്താൻ ബത്തേരി സ്റ്റേഷനുകളിലും ഷിനാസിന് കല്പറ്റ, നൂല്‍പ്പുഴ, അയിരൂര്‍, മേപ്പാടി സ്റ്റേഷനുകളിലും, ടിനീഷിന് അമ്പലവയല്‍ സ്റ്റേഷനിലും കേസുകളുണ്ട്. കാപ്പ നിയമ പ്രകാരം കണ്ണൂര്‍ ഡി.ഐ.ജിയുടെ ഉത്തരവില്‍ നാടുകടത്തപ്പെട്ടയാളാണ് മുഹമ്മദ് ഷിനാസ്. വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ള ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
കൊലപാതകം, പോക്സോ, കവര്‍ച്ച കേസ് തുടങ്ങി കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗോസ്റ്റ് അഖിലിനെ ഈ മാസം അഞ്ചിനാണ് അതിസാഹസികമായി ചിത്രഗിരിയില്‍ വെച്ച് വലയിലാക്കിയത്.
പൊലീസിനെ കണ്ട് ചിത്രഗിരിയിലെ കാപ്പിത്തോട്ടത്തിലൂടെ ഓടിയ അഖിലിനെ എസ്.ഐ ഷാജി, എസ്.സി.പി.ഒ സുനില്‍കുമാര്‍, ഷമീര്‍, വിപിന്‍, സി.പി.ഒ ബിജു, ഡ്രൈവര്‍ ഷാജഹാന് എന്നിവരടങ്ങുന്ന സംഘമാണ് പിന്തുടര്ന്ന് പിടികൂടിയത്. അതിവേഗം മിന്നിമാറാന്‍ കഴിവുള്ളത് കൊണ്ടാണ് അഖില്‍ ഗോസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്നത്.
ജിതിന് ജോസഫ്, അബിന്‍ കെ. ബോവസ്, ബാദുഷ, അഖില്‍ ജോയ്, ടിനീഷ് എന്നിവര്‍ 2021 ഡിസംബറില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. തോമാട്ടുച്ചാല്‍, വാളശ്ശേരിയില്‍ ഏടപ്പിള്ളില് വീട്ടില്‍ രഘുനാഥ് (51) ആണ് കൊല്ലപ്പെട്ടത്.
പ്രതികളിലൊരാളും രഘുനാഥിന്റെ മകനും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വിരോധമാണ് രഘുനാഥിന്റെ മരണത്തില്‍ കലാശിച്ചത്. രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ രഘുനാഥിന്റെ മകനെ കണ്ടുകിട്ടാത്തതിലുള്ള ദേഷ്യത്തില്‍ രഘുനാഥിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് രഘുനാഥ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
പിടിയിലായവര്‍ കൂട്ടായി നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും ഭൂരിഭാഗവും പൊലീസ് സ്റ്റേഷനുകളില്‍ പരാതിയായി എത്താറില്ല. പരാതി കൊടുത്താല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ ഇരകളെ ഭയപ്പെടുത്തുന്നത്. ഈ കേസിലും പരാതിക്കാരനായ യുവാവിനെ പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പ്രാണഭയം മൂലം പരാതി കൊടുക്കാന്‍ വിമുഖത കാട്ടിയ യുവാവിന് പൊലീസ് സംരക്ഷണം ഉറപ്പ് നല്‍കിയപ്പോഴാണ് രണ്ടു ദിവസം കഴിഞ്ഞ് പരാതി നല്കാന് തയാറായത്. ക്രൂര മര്‍ദനമേറ്റ് പരിക്കേറ്റ യുവാവ് ഇപ്പോഴും കിടപ്പിലാണ്.
തോമാട്ടുച്ചാല്‍ സ്വദേശിയായ യുവാവിനാണ് കൂട്ടായ ഗുണ്ടാക്രമണം ഏല്‍ക്കേണ്ടിവന്നത്. ഇയാള്‍ ഓടിച്ചിരുന്ന കാര്‍ ബൈക്കിനോട് ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. പിടിയിലായവർ യുവാവിനെ കാറില്‍ നിന്നും വലിച്ചിറക്കി ഇരുമ്പ് പൈപ്പുകളും വടികൊണ്ടും ക്രൂരമായി മര്‍ദിക്കുകയും കാറിന്റെ താക്കോല്‍ കവര്‍ന്നെടുക്കുകയും ചെയ്തു.
തുടര്‍ന്ന്, വാഹനത്തില്‍ കയറ്റി ചിത്രമൂലയിലെ ചായത്തോട്ടത്തില്‍ കൊണ്ടുപോയി വീണ്ടും മര്‍ദിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു, മര്‍ദനത്തില്‍ യുവാവിന്റെ കാല്പാദത്തിന്റെ എല്ലു പൊട്ടി ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.