തിരുവല്ല: സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന റോഡ് നിർമാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടിയത് സിനിമ സ്റ്റൈലിൽ. കായംകുളം കൃഷ്ണപുരം രണ്ടാം കുറ്റിയിൽ പന്തപ്ലാവിൽ വീട്ടിൽ സിദ്ദിഖ് (40), ബന്ധു കറ്റാനം ഇലിപ്പക്കുളം തടയിൽ വടക്കേതിൽ വീട്ടിൽ മുഹമ്മദ് ഇല്യാസ് (29) എന്നിവരാണ് പിടിയിലായത്. സാധന സാമിഗ്രികൾ മോഷണം പോകുന്നതായി കമ്പനി മാനേജർ പുളിക്കീഴ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതികൾ വലയിലായത്.
ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെ പെട്ടി ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ മണിപ്പുഴയിൽ റോഡരികിൽ സൂക്ഷിച്ചിരുന്ന ഉരുക്ക് പാളി ഉൾപ്പടെയുള്ള സാധനങ്ങൾ വാഹനത്തിൽ കയറ്റുന്നതിനിടെ കമ്പനിയിലെ രണ്ട് ജീവനക്കാർ ബൈക്കിൽ ഇതുവഴി വന്നു. ഇവരെ കണ്ടതോടെ ഇരുവരും ഓട്ടോയിൽ രക്ഷപ്പെട്ടു. ഇതോടെ ജീവനക്കാർ ഓട്ടോയെ ബൈക്കിൽ പിന്തുടർന്നു. അമിത വേഗത്തിൽ പോകുന്ന ഓട്ടോയും പിന്തുടരുന്ന ബൈക്കും മാന്നാർ പൊലീസ് പെട്രോളിങ് സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടു. ഇവരെ പിന്തുടർന്ന പൊലീസ് ജീപ്പ് ഓട്ടോ തടഞ്ഞിട്ടു. ഇതോടെ ഇറങ്ങിയോടിയ സിദ്ദിഖിനെയും ഇല്യാസിനെയും പൊലീസും ജീവനക്കാരും ചേർന്ന് പിടികൂടുകയായിരുന്നു.
തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാത നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ വിവിധ ഭാഗങ്ങളിലായി കൺസ്ട്രക്ഷൻ കമ്പനി സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന സാധന സാമഗ്രികളാണ് മൂന്ന് മാസത്തിനിടെ ഇരുവരും ചേർന്ന് മോഷ്ടിച്ചത്. പെട്ടി ഓട്ടോ റിക്ഷയിലെത്തി രാത്രിയാണ് സാധനങ്ങൾ കടത്തിയിരുന്നത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.