ചാവക്കാട്: കനോലി കനാലിന് സമീപം കക്കൂസ് മാലിന്യം തള്ളിയ വാഹനവുമായി ഡ്രൈവർ അറസ്റ്റിൽ. പെരുമ്പിലാവ് കരിക്കാട് തട്ടാരക്കുന്നത്ത് വീട്ടില്‍ ഷാഹിദിനെയാണ് (26) ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാല്‍ അറസ്റ്റ് ചെയ്തത്. ജൂൺ മൂന്നിന് പുലർച്ച അവിയൂർ വളയംതോട് കാനോലി കനാലിന് സമീപത്തെ പാടശേഖരത്തിലെ ജലാശയത്തിലേക്കാണ് ഇയാൾ കക്കൂസ് മാലിന്യം തള്ളിയത്.
പ്രദേശത്ത് ദുര്‍ഗന്ധം ഉയർന്നതോടെ പരിസരവാസികളുടെ പരാതി പ്രകാരം പഞ്ചായത്ത് നോഡല്‍ ഓഫിസര്‍ അരുണ്‍ നാരായണന്റെ നേതൃത്വത്തില്‍ പ്രദേശത്ത് സ്ഥാപിച്ച സി.സി.ടി.വി ദൃശ്യം പരിശോധിച്ചാണ് മാലിന്യം തള്ളിയ ടാങ്കര്‍ ലോറി കണ്ടെത്തിയത്. ദൃശ്യങ്ങള്‍ സഹിതം ചാവക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. മാലിന്യം തള്ളിയ ടാങ്കര്‍ ലോറി കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. എ.എസ്.ഐ അന്‍വര്‍ സാദത്ത്, സി.പി.ഒമാരായ ഇ.കെ. ഹംദ്, മെല്വിന്, വിനീത്, രണ്‍ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പൊതുസ്ഥലത്ത് മാലിന്യം തള്ളുകയും വലിച്ചെറിയുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി എൻ.വി. ഷീജ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.