ചേർപ്പ് (തൃശൂർ): ചേർപ്പ് പാറക്കോവിലിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊന്നു. പശ്ചിമ ബംഗാൾ സ്വദേശി മൻസൂർ മാലികിനെയാണ് (40) ഭാര്യ രേഷ്മ ബീവി (33) കൊലപ്പെടുത്തിയതായി പൊലീസ് ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയത്. ഞായറാഴ്ച പുലർച്ച 12നാണ് സംഭവം.
ഇരുവരും തമ്മിലുണ്ടായ കുടുംബവഴക്ക് ആക്രമണത്തിൽ കലാശിക്കുകയും വീട്ടിലുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് രേഷ്മ ബീവി മൻസൂറിനെ തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് രേഷ്മ ബീവിയും മൻസൂറിെൻറ സ്വർണപ്പണി ശാലയിലെ തൊഴിലാളി ബിരുവും (33) ചേർന്ന് ഇവരുടെ വീടിന് പിൻഭാഗത്തെ സ്ഥലത്ത് കുഴിയെടുത്ത് കുഴിച്ചുമൂടുകയായിരുന്നു.
രാവിലെ രേഷ്മ ബീവി ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് ചേർപ്പ് പൊലീസിൽ പരാതി നൽകാൻ എത്തിയപ്പോഴാണ് കൊലപാതകത്തിെൻറ ചുരുളഴിഞ്ഞത്. പൊലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാണാതായ മൻസൂർ മാലിക് പ്രദേശത്തുതന്നെ ഉള്ളതായി അറിവ് ലഭിച്ചു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് രേഷ്മ ബീവി കാര്യം വെളിപ്പെടുത്തിയത്. പൊലീസ് വീട് പരിശോധിക്കുകയും രേഷ്മയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരുടെ മക്കളെ ശിശുക്ഷേമ സമിതി മന്ദിരത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു.
12 വർഷത്തോളമായി മൻസൂർ പാറക്കോവിലിൽ സ്വർണപ്പണി തൊഴിലാളിയാണ്. വാടക വീട്ടിലാണ് താമസം. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, ചേർപ്പ് സി.ഐ ടി.വി. ഷിബു, സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ പി.സി. ബിജുകുമാർ, ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജീഷ കള്ളിയത്ത്, വൈസ് പ്രസിഡൻറ് വി.എൻ. സുരേഷ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. തിങ്കളാഴ്ച ആർ.ഡി.ഒയുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് ഫോറൻസിക് പരിശോധനകൾക്കു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.