കൊരട്ടി: കൊരട്ടി ചിറങ്ങരയിൽ വീട്ടിൽനിന്ന് 35 പവൻ സ്വർണവും പണവും കവർന്നു. ചിറങ്ങര ഗാന്ധി നഗർ ചെമ്പകശേരി പ്രകാശന്റെ ‘പത്മതീർഥം’ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ പിൻവശത്തെ ജനലഴികൾ പിഴുതുമാറ്റി അകത്തുകടന്നാണ് മോഷണം. റെയിൽവേ ജീവനക്കാരനായ പ്രകാശനും ഭാര്യ സുനിതയുമാണ് ഇവിടെ താമസം. കിടപ്പുമുറിക്കടുത്ത് വസ്ത്രങ്ങൾ മാത്രം സൂക്ഷിക്കുന്ന മുറിയിലെ അലമാരയിൽ പെട്ടികളിൽ തുണിയിൽ പൊതിഞ്ഞാണ് ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. 8,000 രൂപ, എ.ടി.എം കാർഡ് എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ച രണ്ടരയോടെ ശുചിമുറിയിൽ പോകാൻ എഴുന്നേറ്റ സുനിത തൊട്ടടുത്ത മുറിയിൽ വെളിച്ചം കണ്ടതിനെ തുടർന്ന് നോക്കുമ്പോഴാണ് അലമാരയിൽനിന്ന് വസ്ത്രങ്ങളും മറ്റും വലിച്ചെറിഞ്ഞ് കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. ജനലിന് സമീപം വെട്ടുകത്തിയും ചുറ്റികയും മറ്റും കണ്ടെത്തി. തുടർന്ന് കൊരട്ടി പൊലീസിൽ അറിയിച്ചു. മറ്റ് മുറികളുടെ വാതിലോ ജനലോ തുറക്കാതെ കൃത്യമായി ആഭരണങ്ങൾ സൂക്ഷിച്ച മുറിയുടെ ജനൽ മാത്രം തകർത്താണ് മോഷണം നടന്നത്. ഈ വിവരം അറിയാവുന്ന അടുത്ത ആരെങ്കിലുമോ വളരെ വിദഗ്ധരായവർ ആരെങ്കിലുമോ ആകാം മോഷണം നടത്തിയതെന്ന് സംശയിക്കുന്നു.
വിവാഹം കഴിച്ചയച്ച രണ്ടു പെൺമക്കളാണ് ഇവർക്കുള്ളത്. ഇവരുടെയും മക്കളുടെയും ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പ്രകാശൻ വിവാഹത്തിൽ പങ്കെടുക്കാൻ രാവിലെ തൃശൂരിൽ പോയിരുന്നു. ചികിത്സക്ക് പോകാനായി മൂത്ത മകൾ പകൽ വീട്ടിലെത്തിയിരുന്നു. അവരെ സഹായിക്കാൻ ഇളയമകളുടെ കുടുംബവും എത്തി. ഇരുവരും ഉച്ചതിരിഞ്ഞ് അവരവരുടെ വീട്ടിലേക്ക് മടങ്ങി. അപ്പോഴൊന്നും മോഷണം നടന്നിട്ടില്ല. കൊരട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചാലക്കുടി ഡിവൈ.എസ്.പി ആർ. അശോകൻ സ്ഥലം സന്ദർശിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.