പെരുമ്പാവൂര്‍: വീട്ടില്‍നിന്ന് ലാപ്ടോപ്പും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസില്‍ മോഷ്ടാവും മോഷണ മുതല്‍ വില്പനക്കാരും പിടിയില്‍. മോഷ്ടാവായ തിരുവനന്തപുരം ചെങ്കല്‍ വഞ്ചിക്കുഴി കടപ്പുരക്കല്‍ പുത്തന്‍വീട്ടില്‍ സതീഷ് (27), വില്പനക്കാരായ വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ടാല്‍ടലി ചാര്കോളനിയില് ബരിനൂര്‍ ഇസ്ലാം മൊല്ല (26), മുര്‍ഷിദാബാദ് ശിഷാപാറ സമീഹുല്‍ ഷേഖ് (39) എന്നിവരാണ് പെരുമ്പാവൂര്‍ പൊലീസ് പിടിയിലായത്.
12ന് പുലര്‍ച്ചയാണ് സംഭവം. ഇ.എം.എസ് ഹാളിന് സമീപത്തെ വീട്ടിലാണ് സതീഷ് മോഷണം നടത്തിയത്. മോഷണം നടത്തിയ മൊബൈല്‍ ഫോണ്‍ ബരിനൂര്‍ ഇസ്ലാം മൊല്ല ആലുവയില്‍ വിറ്റു. ലാപ്ടോപ് സമീഹുല്‍ ഷേഖ് ഇയാളുടെ പെരുമ്പാവൂർ ഗാന്ധി ബസാറിലെ ഷോപ്പില്‍ വിൽപനക്ക് സൂക്ഷിച്ചിരിക്കുകയായിരുന്നു.
സതീഷിനെയും ബരിനൂര്‍ ഇസ്ലാം മൊല്ലയെയും ആലുവയില്‍നിന്നും സമീഹുൽ ഷേഖിനെ പെരുമ്പാവൂരിലെ കടയില്‍നിന്നുമാണ് പിടികൂടിയത്. സതീഷ് ജനുവരിയിലാണ് കാക്കനാട് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.
ബാലരാമപുരം, പെരുമ്പാവൂര്‍ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്സന്, ഗ്രീഷ്മ ചന്ദ്രന്, എ.എസ്.ഐ എം.കെ. അബ്ദുൽ സത്താര്‍, എസ്.സി.പി.ഒ പി.എ. അബ്ദുൽ മനാഫ്, സി.പി.ഒമാരായ എം.ബി. സുബൈര്‍, ടി.പി. ശകുന്തള തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.