വർക്കല: റെയിൽവേ പൊലീസിനെ ആക്രമിച്ച മോഷ്ടാവിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. വർക്കല ചാവടിമുക്ക് സ്വദേശിയായ മുരുകൻ (36) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 9.30ഓടെ വർക്കല റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പൊലീസ് പറയുന്നത്: രാത്രി 8.45ന് കൊല്ലം ഭാഗത്തേക്കുപോയ ട്രെയിനിൽനിന്ന് ബാഗ് മോഷണം പോയതായി അറിയിപ്പ് ലഭിച്ചിരുന്നു.
പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ രീതിയിൽ രണ്ട് ബാഗുകളുമായി നിന്ന മുരുകന്റെ സമീപത്തേക്ക് സിവിൽ പൊലീസ് ഓഫിസർ വിനോദ് എത്തിയെങ്കിലും ഇയാൾ ബാഗ് മതിലിന് വെളിയിലേക്ക് എറിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് യൂനിഫോം വലിച്ചുകീറിയെങ്കിലും ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തി.
കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകാൻ ശ്രമിച്ച വർക്കല പൊലീസിനെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിൽ കയറിയ ഇയാൾ യാത്രക്കാരനായ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ സന്തോഷിന്റെ ബാഗാണ് മോഷ്ടിച്ചത്. ബാഗ് നഷ്ടപ്പെട്ടത് മനസ്സിലാക്കി റെയിൽവേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വർക്കല, കിളിമാനൂർ, കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് വർക്കല പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.