ബംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വെക്കുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തിൽ എൻജിനീയറിങ് വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത്-ഈസ്റ്റ് (സി.ഇ.എൻ) ക്രൈം പൊലീസിന്റെയും ബംഗളൂരു ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ) പൊലീസിന്റെയും ആഭിമുഖ്യത്തിലായിരുന്നു നടപടി. അലഹബാദ് മോത്തിലാൽ നെഹ്റു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.എൻ.എൻ.ഐ.ടി) മൂന്നാംവർഷ വിദ്യാർഥിയും കുഥു ഗേറ്റ് സ്വദേശിയുമായ വൈഭവ് ഗണേഷാണ് അറസ്റ്റിലായത്.
ഡിസംബർ പത്തിനാണ് വിമാനത്താവളത്തിൽ ബോംബ് വെക്കുമെന്ന് ഇയാൾ ട്വീറ്റ് ചെയ്തത്. വിമാനത്താവളം ടെർമിനൽ മാനേജർ രൂപ മാത്യുവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഇയാളിൽനിന്ന് ഭീഷണി ട്വീറ്റ് ചെയ്ത മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. ഡിസംബർ പത്തിനാണ് താൻ അലഹബാദിൽനിന്ന് ബംഗളൂരു വിമാനത്താവളത്തിൽ എത്തിയതെന്നും ബംഗളൂരുവിലെ വീട്ടിലേക്ക് പോകവേ ഗതാഗതക്കുരുക്കിൽ അകപ്പെട്ടപ്പോൾ വിമാനത്താവളം തന്റെ വീട്ടിൽനിന്ന് ഏറെ അകലത്തിലാണെന്ന് തോന്നിയെന്നും ഇതിനിടയിൽ മാതാവ് വിളിച്ച് വീട്ടിലെത്താൻ എത്ര സമയമെടുക്കുമെന്ന് ചോദിച്ചതോടെ ദേഷ്യപ്പെട്ടാണ് അത്തരത്തിൽ ട്വീറ്റ് ചെയ്തതെന്നും ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇയാളുടെ മാതാപിതാക്കൾ ബംഗളൂരുവിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.