യുവതിയെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു; മൂന്ന് ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ

യുവതിയെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ മൂന്ന് ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ. കന്യാകുമാരി ജില്ലയിൽ അരുമനൈക്ക് സമീപം മേല്പുറം ജംഗ്ഷനിലായിരുന്നു സംഭവം. ഒളിവിൽ പോയ രണ്ടുപേരെ പൊലീസ് തിരയുകയാണ്. മേല്പുറം സ്വദേശിനി കലയെ (35) ആണ് കെട്ടിയിട്ട് മർദിച്ചത്.

മേല്പുറം, പാകോട് സ്വദേശികളായ നടരാജിന്റെ മകൻ ശശി(47), നാഗേന്ദ്രന്റെ മകൻ വിനോദ് (44), അമ്പയ്യന്റെ മകൻ വിജയകാന്ത് (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്യ്തത്. ഗുണ്ട ദിപിൻ, അരവിന്ദ് എന്നിവരാണ് ഒളിവിൽ പോയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്

വർഷങ്ങൾക്കുമുൻപ് ഭർത്താവ് മരിച്ച കല മാർത്താണ്ഡത്ത് മസ്സാജ് സെന്റർ നടത്തുകയാണ്. മേല്പുറം ജംക്ഷൻ വഴി നടന്ന് പോകുമ്പോൾ ഓട്ടോ സ്റ്റാൻഡിലുള്ള ഡ്രൈവർമാർ അവരെക്കുറിച്ച് അശ്ലീലം പറയുന്നത് പതിവായിരുന്നു. ഇത് സഹിക്കാൻ വയ്യാതെ കല കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് മുളകുപൊടി പൊതിഞ്ഞ് കൈയിൽ സൂക്ഷിച്ചു. രാവിലെ ഡ്രൈവർമാർ കലയെ കണ്ടതും പതിവുപോലെ അശ്ലീലം പറഞ്ഞു. തുടർന്ന് കല കൈയിൽ കരുതിയിരുന്ന മുളകുപൊടി എടുത്ത് അവരുടെ മുഖത്ത് വിതറി. ഇതിൽ പ്രകോപിതരായ ഡ്രൈവർമാർ കലയെ അടുത്തുള്ള വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നര മണിക്കൂറിന് ശേഷം അരുമനൈ പൊലീസ് സംഭവസ്ഥലത്ത് എത്തി കലയെ രക്ഷിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ 5 പേർക്ക് നേരെ കേസെടുക്കുകയും മൂന്നു പേരെ റിമാൻഡ് ചെയ്യുകയും ചെയ്തു. ഒളിവിൽ പോയ ദിപിന്റെ പേരിൽ നിരവധി കേസുകളുണ്ട്. എന്നാൽ ഇയാളുടെ സഹോദരി പൊലീസിൽ ആയതുകൊണ്ടാണ് ദിപിനെ അറസ്റ്റ് ചെയ്യാത്തതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

കലയെ മർദിക്കുന്ന വിഡിയോ നേരത്തേ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘എന്നെ ഒന്നര മണിക്കൂർ മേല്പുറം ജംഗ്ഷനിലുള്ള വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടിട്ടും ഒരാളും രക്ഷിക്കാൻ വന്നില്ല. പകരം അവർ വന്ന് മൊബൈൽ ഫോണിൽ ഫോട്ടോയും വീഡിയോയും എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പരത്തുകയാണ് ചെയ്തത്’-കല പറയുന്നു.

Tags:    
News Summary - three auto drivers arrested for beating woman by tying her to electric post in kanyakumari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.