അടൂർ: എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കടമ്പനാട് ഗണേശവിലാസം മോഹനവിലാസം വി.വിഷ്ണു(21),പെരിങ്ങനാട് പുത്തൻചന്ത ആലയിൽ വീട്ടിൽ എസ്.വിഷ്ണു (23),മഹർഷിക്കാവ് ലക്ഷ്മി നിവാസ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കടമ്പനാട് സ്വദേശി അനന്തു (22) എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. പിന്നീട് പ്രതികളെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
വിഷ്ണുവിനെയാണ് ആദ്യം പിടികൂടിയത്. ഇയാളിൽനിന്നും 390 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ വിഷ്ണുവിനെ പിടികൂടിയപ്പോൾ ഇയാളുടെ കൈയിൽനിന്നും 1.710 ഗ്രാം എം.ഡി.എം.എ പിടികൂടി. ഇവരിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അനന്തുവിനെയും സംഘം വലയിലാക്കി. ഇയാളിൽ നിന്നും 1.490 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഗ്രാമങ്ങളിലെ കുട്ടികളെ ലക്ഷ്യമാക്കിയാണ് യുവാക്കൾ എം.ഡി.എം.എ കൈവശം വെച്ചതെന്ന് പൊലീസ് പറഞ്ഞു. ഡാൻസാഫ് ജില്ല നോഡൽ ഓഫിസർ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നിർദേശപ്രകാരം, അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിന്റെ നേതൃത്വത്തിൽ ഏനാത്ത് പൊലീസ് ഇൻസ്പെക്ടർ പി.എസ്. സുജിത്, എസ്.ഐ ഷാജികുമാർ, ഡാൻസാഫ് എസ്.ഐ അജി സാമുവൽ, എ.എസ്.ഐ അജികുമാർ, സി.പി.ഒമാരായ സുജിത്,അഖിൽ,ബിനു, ശ്രീരാജ്,മിഥുൻ, ഏനാത്ത് സ്റ്റേഷനിലെ എസ്.സി.പി.ഒ മുജീബ്, സി.പി.ഒമാരായ മനൂപ്,ഷാനു, ശ്യാംകുമാർ, ജനമൈത്രി ബീറ്റ് ഓഫിസർ അനുരാഗ് മുരളീധരൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അടൂർ പൊലീസ് പറക്കോട് നടത്തിയ പരിശോധനയിൽ ഒരു യുവാവിനെ എം.ഡി.എം.എയുമായി പിടിച്ചതായി സൂചനയുണ്ട്.
ലഹരി മരുന്ന് എത്തിയത് കൊറിയർ വഴി
അടൂർ: തെങ്ങമത്തും പറക്കോട്ടുനിന്നും പിടികൂടിയ എം.ഡി.എം.എ എത്തിയത് കൊറിയർ വഴി. സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയവരെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങൾ ലഭിച്ചത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് എം.ഡി.എം.എ പിടികൂടിയത്. ഇവിടെ പിടികൂടിയ എം.ഡി.എം.എയുടെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. അന്വേഷണം ബംഗളൂരുവിലേക്കും വ്യാപിപ്പിക്കും. കൊറിയറിൽ എം.ഡി.എം.എ അയച്ചതിൽ അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിന് ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതായി അടൂർ ഡിവൈ.എസ്.പി ആർ. ബിനു പറഞ്ഞു. നെറ്റ് ബാങ്ക് വഴി ബംഗളൂരുവിലെ ഏജന്റിന് പണം അയക്കും. പണം കിട്ടിയാലുടൻ കൊറിയർ വഴി ഇവ അയച്ചുകൊടുക്കും. ട്രെയിൻ മാർഗവും റോഡ് മാർഗവും കൊണ്ടുവന്നാൽ പിടിക്കപ്പെടാനുള്ള സാധ്യത കൂടുതലായതിനാൽ സിന്തറ്റിക് ലഹരി മരുന്നുകൾ കൊറിയർ വഴി അയക്കുന്നതാണ് സുരക്ഷിതം. ഇതു മുന്നിൽ കണ്ടാണ് ബംഗളൂരുവിൽനിന്നും എം.ഡി.എം.എ ഉൾപ്പെടെ സിന്തറ്റിക് ഡ്രഗ്സ് കൊറിയർ വഴിയാക്കുന്നത്. ജാമ്യം കിട്ടാനായി എം.ഡി.എം.എ ഓരോ പത്ത്ഗ്രാം വെച്ച് പലയിടത്തായാണ് സൂക്ഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.