ന്യൂഡൽഹി: ഡൽഹി നെബ് സരായിയിൽ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ അർജുൻ തൻവാർ എന്ന 20കാരൻ നടത്തിയത് മന:സാക്ഷി മരവിക്കുന്ന ക്രൂരകൃത്യം. റിട്ട. ആർമി ഉദ്യോഗസ്ഥനായ പിതാവിന്‍റെ സൈനിക കത്തി ഉപയോഗിച്ച് കഴുത്തറുത്തായിരുന്നു മൂവരെയും കൊലപ്പെടുത്തിയത്. കുടുംബത്തോടുള്ള വൈരാഗ്യവും സ്വത്ത് നഷ്ടമാകുമോയെന്ന ഭയവുമാണ് കൊലപാതകത്തിന് പിന്നിൽ.
ബുധനാഴ്ച രാവിലെയാണ് മൂവരെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. അച്ഛൻ രാജേഷ് കുമാർ (51), അമ്മ കോമൾ (46), സഹോദരി കവിത (23) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ: ഗുസ്തി താരമായ അർജുന് ഈ മേഖലയിൽ തന്നെ തുടരാനായിരുന്നു ആഗ്രഹം. എന്നാൽ, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു കുടുംബത്തിന്‍റെ താൽപര്യം. ഇത് കുടുംബാംഗങ്ങളും അർജുനും തമ്മിലുള്ള അകൽച്ചക്ക് കാരണമായി. പിതാവുമായാണ് അർജുൻ ഏറെ അകന്നത്. പിതാവ് എപ്പോഴും കുറ്റപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും മറ്റുള്ളവരുടെ മുന്നിൽവെച്ച് കളിയാക്കുകയും ചെയ്യുമായിരുന്നു. സഹോദരി കവിത പി.ജി പഠനത്തിനുള്ള തയാറെടുപ്പിലായിരുന്നു. വീട്ടുകാർ തന്നെ വല്ലാതെ അവഗണിക്കുന്നുവെന്നും ഒറ്റപ്പെടുത്തുന്നുമെന്നുമുള്ള ചിന്ത അർജുനിൽ എപ്പോഴുമുണ്ടായിരുന്നു.
ഡിസംബർ ഒന്നിന് കവിതയുടെ പിറന്നാളായിരുന്നു. ഇതിന്‍റെ പരിപാടിക്കിടയിലും അർജുനും പിതാവ് രാജേഷും തമ്മിൽ പ്രശ്നങ്ങളുണ്ടായി. കുടുംബത്തിന്‍റെ സ്വത്ത് സഹോദരിക്ക് മാത്രമായി എഴുതിവെക്കാൻ പോവുകയാണെന്ന ധാരണയും അർജുനിലുണ്ടായി. ഇതോടെയാണ് കുടുംബത്തെ ഇല്ലാതാക്കാൻ അർജുൻ പദ്ധതിയിടുന്നത്.
ബുധനാഴ്ച പുലർച്ചെയാണ് അർജുൻ കൃത്യം നടപ്പാക്കിയത്. നിലവിളി ശബ്ദം ഉണ്ടാവാതിരിക്കാനാണ് കഴുത്തറുത്ത് കൊല്ലാൻ തീരുമാനിച്ചത്. ഇതിന് പിതാവിന്‍റെ സൈനിക കത്തി തന്നെ തിരഞ്ഞെടുത്തു. അർജുൻ ആദ്യം കൊലപ്പെടുത്തിയത് സഹോദരിയെയാണ്. കഴുത്തുമുറിച്ച നിലയിലായിരുന്നു മൃതദേഹം. രക്തം ഒഴുകുന്നത് തടയാൻ കഴുത്തിന് ചുറ്റും തുണികൾ കൊണ്ട് പൊതിഞ്ഞിരുന്നു. കവിത ചെറുത്തുനിന്നതോടെ ദേഹത്ത് കുത്തേറ്റു. കവിതയുടെ ദേഹമാകെ പരിക്കുണ്ടായിരുന്നു. രണ്ടാമതായി, ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെയും കൊലപ്പെടുത്തി. അമ്മയെ കൊലപ്പെടുത്താൻ മുറിയിലെത്തിയപ്പോൾ ഇവർ ശുചിമുറിയിലായിരുന്നു. തിരിച്ചെത്തിയപ്പോൾ അർജുൻ അമ്മയെ ആക്രമിച്ച് വീഴ്ത്തി കഴുത്തറുത്തു.
ആളുകൾക്ക് സംശയം തോന്നാതിരിക്കാൻ ഇതിന് ശേഷം അർജുൻ തന്‍റെ പതിവ് ദിനചര്യകൾ പൂർത്തിയാക്കി. രാവിലെ 5.30ന് തന്നെ ഓടാൻ പോയി. വീട്ടിൽ തിരികെയെത്തിയ ശേഷം ജിമ്മിലെത്തി അവിടെയുള്ള ആളുകളോടാണ് വീട്ടുകാർ മരിച്ചുകിടക്കുന്നുവെന്ന് അറിയിച്ചത്. പിന്നീട് അയൽക്കാരെയും ബന്ധുക്കളെയും അർജുൻ തന്നെ വിവരമറിയിച്ചു.
പൊലീസ് എത്തി പരിശോധന നടത്തിയപ്പോൾ അർജുന്‍റെ പല മൊഴികളിലും വൈരുധ്യം കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് കുടുംബാംഗങ്ങളെ ഇയാൾ തന്നെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.