കൽപകഞ്ചേരി: വിദേശരാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽനിന്ന് ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയ ട്രാവൽസ് ഉടമയെ കൽപകഞ്ചേരി പൊലീസ് പിടികൂടി. കടുങ്ങാത്തുകുണ്ട് അറഫ ട്രാവൽസ് ഉടമ ഒഴൂർ ഓമച്ചപ്പുഴ കാമ്പത്ത് നിസാറാണ് (34) പിടിയിലായത്. ട്രാവൽസ് അടച്ചുപൂട്ടി വിദേശത്തേക്ക് മുങ്ങിയ പ്രതി രണ്ടാഴ്ച മുമ്പ് നാട്ടിലെത്തി തിരൂരങ്ങാടി കൊളപ്പുറത്ത് വാടക ക്വാർട്ടേഴ്സിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ഇവിടെനിന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ കൽപകഞ്ചേരി സി.ഐ പി.കെ. ദാസും സംഘവും പ്രതിയെ പിടികൂടിയത്.
തിരൂർ മംഗലം സ്വദേശി വാൽപറമ്പിൽ ദിനിൽ എന്നയാൾ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഷാർജയിലെ ഫുഡ് പാർക്കിൽ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് 50,000 രൂപയാണ് ഇയാളിൽനിന്ന് നിസാർ വാങ്ങിയത്. പ്രതിക്കെതിരെ സമാനമായ 14 പരാതിയാണ് കൽപകഞ്ചേരി സ്റ്റേഷനിൽ ലഭിച്ചത്. കുറ്റിപ്പുറം, വളാഞ്ചേരി, തിരൂർ, തൊഴുവാനൂർ, തെക്കൻ കുറ്റൂർ, കുറുമ്പത്തൂർ, കോട്ടക്കൽ, താനൂർ, ചെറിയമുണ്ടം, എടരിക്കോട് തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് പരാതിക്കാർ. ഇവരിൽനിന്നായി നിസാർ 6,10,000 രൂപയാണ് തട്ടിയത്.
വിദേശരാജ്യങ്ങളിൽ നല്ല പിടിപാടുണ്ടെന്നും അതുവഴി നല്ല ശമ്പളമുള്ള ജോലി ശരിയാക്കിത്തരാം എന്നും വിശ്വസിപ്പിച്ചാണ് നിസാർ ആളുകളെ വലയിൽ വീഴ്ത്തുന്നത്. സുഹൃത്തുക്കൾ വഴിയും പരിചയക്കാർ വഴിയുമൊക്കെയായിരുന്നു ഇയാൾ ആളുകളെ കണ്ടെത്തിയത്. വാട്സ്ആപ് വഴിയും ഇയാൾ പരസ്യം ചെയ്തിരുന്നു. ഇപ്പോഴും നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും സി.ഐ പറഞ്ഞു. സി.പി.ഒമാരായ എ.പി. ശൈലേഷ്, ജി. ഷിബുരാജ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.