ആലുവ: മുപ്പത്തടം, പാതാളം ഭാഗങ്ങളിൽ എക്സൈസ് നടത്തിയ രഹസ്യനീക്കത്തിൽ മാരക രാസലഹരിയുമായി രണ്ടുപേർ പിടിയിലായി. കടുങ്ങല്ലൂർ-മുപ്പത്തടം തത്തയിൽ വീട്ടിൽ ശ്രീരാഗ് (21), കടുങ്ങല്ലൂർ-മുപ്പത്തടം കരയിൽ വടശ്ശേരി വീട്ടിൽ രാഹുൽ (20) എന്നിവരാണ് എൻഫോഴ്സ്മെന്റ് അസി. കമീഷണറുടെ സ്പെഷൽ ആക്ഷൻ ടീമിന്റെ പിടിയിലായത്.
ഇവരുടെ പക്കൽനിന്ന് 6.4 ഗ്രാം എം.ഡി.എം.എയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മയക്കുമരുന്ന് കച്ചവടത്തിനായി ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർ ഇരുവരും, മയക്ക് മരുന്ന് ഇടപാട് തുടങ്ങിയിട്ട് നാളുകൾ ഏറെ ആയെങ്കിലും ഒരുമിച്ച് പിടിയിലാകുന്നത് ആദ്യമായാണ്.
ഉപഭോക്താക്കൾക്കിടെ ‘കീരി രാജു’ എന്ന ശ്രീരാഗ് ഇയാളുടെ ശിങ്കിടികളുടെ കൂടെ ഗോവയിൽപോയി അവിടെനിന്ന് വൻതോതിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് ഇവിടെ വിൽപന നടത്തിവരുകയായിരുന്നു. ഗോവയിൽനിന്ന് ‘മങ്കി മാൻ’എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു വിദേശിയിൽനിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ചോദ്യംചെയ്യലിൽ ഇരുവരും വെളിപ്പെടുത്തി. ഇവരുടെ സംഘത്തിൽപ്പെട്ടവരെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.