ചടയമംഗലം: ചടയമംഗലത്ത് 53 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. ചിതറ വളവുപച്ച, പേഴുംമൂട് വളവിൽ ഹെബി നിവാസിൽ ഹെബി മോൻ (42), നെയ്യാറ്റിൻകര മഞ്ചവിളാകത്ത് കിഴക്കുംകര പുത്തൻ വീട്ടിൽ ഷൈൻ (36) എന്നിവരാണ് പിടിയിലായത്. കാറിലെ വിവിധ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കൊല്ലം റൂറൽ പൊലീസിന്റ ഡാൻസാഫ് ടീമും ചടയമംഗലം പൊലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി 12 മണിയോടുകൂടി നിലമേൽവെച്ചാണ് കാറിൽ കടത്തിക്കൊണ്ടുവന്ന 53 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിലാകുന്നത്.
കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലേക്ക് ഹെബി മോന്റെ നേതൃത്വത്തിൽ വൻതോതിൽ കഞ്ചാവ് കടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഛത്തിസ്ഗഢിൽനിന്ന് കഞ്ചാവുമായി വരുന്ന വിവരം ലഭിച്ചതിനെ തുടർന്ന് കൊല്ലം റൂറൽ സി- ബ്രാഞ്ച് ഡിവൈഎസ്.പി എം.എം. ജോസ്, കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി. വിജയകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ പത്തനാപുരം എസ്.എച്ച്.ഒ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ അനിൽകുമാർ, എസ്.ഐമാരായ രാധാകൃഷ്ണൻ, സഞ്ജീവ് മാത്യൂ, സി.പി.ഒമാരായ ടി. സജുമോൻ, മഹേഷ് മോഹൻ, പി.എസ്. അഭിലാഷ്, എസ്. ദിലീപ്, വിപിൻ ക്ലീറ്റസ് എന്നിവർ അടങ്ങിയ ഡാൻസാഫ് ടീമും ചടയമംഗലം എസ്.എച്ച്.ഒ ജി. സുനിൽ, എസ്.ഐമാരായ മോനിഷ്, പ്രിയ, ഗോപകുമാർ, സി.പി.ഒമാരായ സനൽ, വിഷ്ണു ദാസ് എന്നിവർ അടങ്ങിയ ചടയമംഗലം പൊലീസ് സംഘവും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പർ വ്യാജമാണെന്നും അഞ്ചൽ സ്വദേശിയുടെതാണെന്നും അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. അറസ്റ്റിലായ ഫെബിമോൻ മുമ്പ് 80 കിലോ കഞ്ചാവുമായി ചാത്തന്നൂർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.