മംഗളൂരു: ഉഡുപ്പി മൽപെ നജാറുവിൽ പ്രവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നാലു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സെൻട്രൽ ജയിലിലേക്ക് മാറ്റും. പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗാലെ (39) ഹരിയടുക്ക ജില്ല ജയിലിൽ പ്രത്യേക സെല്ലിലാണിപ്പോൾ കഴിയുന്നത്.
കൊടും കുറ്റവാളി എന്ന നിലയിൽ ഇയാളെ പാർപ്പിച്ച സെല്ലിൽ കാവലിന് പൊലീസുകാരെ പ്രത്യേകം നിയോഗിക്കേണ്ടിവരുന്നു. ഈ സാഹചര്യം ഒഴിവാക്കാൻ ഏതെങ്കിലും സെൻട്രൽ ജയിലിലേക്ക് മാറ്റണം എന്ന് ഹരിയടുക്ക ജയിൽ സൂപ്രണ്ട് മേലധികാരികളോട് ആവശ്യപ്പെട്ടിരുന്നു. കർണാടകയിൽ എട്ട് സെൻട്രൽ ജയിലുകളാണുള്ളത്.
മുൻ പുനെ പൊലീസ് ഉദ്യോഗസ്ഥനും എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനുമായ പ്രതി ഈ മാസം 15നാണ് അറസ്റ്റിലായത്. ഇയാളെ കോടതി അടുത്ത മാസം അഞ്ചു വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ (23), ഐനാസ് (21), അസീം (12) എന്നിവർ ഈ മാസം 12നാണ് കൊല്ലപ്പെട്ടത്.
എയർ ഇന്ത്യ വിമാനത്തിൽ ഒരുമിച്ച് ജോലി ചെയ്യുമ്പോഴുള്ള സൗഹൃദം അതിരുവിടുന്നത് മനസ്സിലാക്കി എയർഹോസ്റ്റസ് ഐനാസ് (21) അകന്നതിലുള്ള പകയാണ് അവരേയും കുടുംബത്തിലെ മൂന്നു പേരെയും കൊല്ലാൻ പ്രേരിപ്പിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
ഐനാസിനെ മുതിർന്ന സഹപ്രവർത്തകനായ പ്രവീൺ സഹായിക്കാറുണ്ടായിരുന്നു. എട്ട് മാസത്തോളം തുടർന്ന സൗഹൃദത്തിനിടെ പ്രതിയുടെ ഇരുചക്ര വാഹനം ഉപയോഗിക്കാൻ നൽകുകയും ചെയ്തു. മോശം പെരുമാറ്റം സൂചന ലഭിച്ചതോടെ എയർഹോസ്റ്റസ് പ്രവീണുമായുള്ള സംസാരം പോലും നിറുത്തി. ഇതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.
പുനെ പൊലീസ് കോൺസ്റ്റബിൾ ആയിരുന്ന പ്രതി 2007ലാണ് മെച്ചപ്പെട്ട വേതനത്തിൽ എയർ ഇന്ത്യയിൽ കരാർ വ്യവസ്ഥയിൽ ജോലിയിൽ പ്രവേശിച്ചത്. പ്രതിമാസം 70,000 രൂപ സമ്പാദ്യമുള്ളതായാണ് ബാങ്ക് അക്കൗണ്ട് നൽകുന്ന സൂചന. പ്രതിക്കെതിരെ കേസുകൾ ഇല്ല. എന്നാൽ സമർഥനായ കുറ്റവാളിയെപ്പോലെയായിരുന്നു ഓരോ നീക്കവും. മംഗളൂരുവിൽ നിന്ന് കാറിൽ ഉഡുപ്പിയിലേക്ക് സഞ്ചരിച്ച പ്രതി വാഹനം ടോൾ ബൂത്ത് പരിസരത്ത് നിറുത്തിയിട്ടാണ് യാത്ര തുടർന്നത്. സിസിടിവി ക്യാമറയിൽ കാർ പതിയാതിരിക്കാനായിരുന്നു ഇത്. കൃത്യം ചെയ്ത ശേഷം വിവിധ വാഹനങ്ങൾ കയറിയാണ് മുൽകിയിൽ ഇറങ്ങിയത്. മംഗളൂരുവിൽ താമസസ്ഥലത്ത് എത്തി കത്തി അടുക്കളയിൽ ഒളിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.