ഉഡുപ്പി: ഉമ്മയും മക്കളുമടക്കം ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിൽ കർണാടക പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 15 വാല്യങ്ങളിലായി 2,250 പേജുകളുള്ള കുറ്റപത്രമാണ് ഉഡുപ്പി ജില്ലാ കോടതിയിൽ സമർപ്പിച്ചത്.
2023 നവംബർ 12ന് ഉഡുപ്പി മൽപെ പൊലീസ് സ്റ്റേഷൻ പരിധിയിൽ നെജാരു തൃപ്തി ലേഔട്ടിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. എയർ ഇന്ത്യ കാബിൻ ജീവനക്കാരനായ പ്രവീൺ അരുൺ ചൗഗാലെ (39) തൻ്റെ സഹപ്രവർത്തകയും എയർ ഇന്ത്യ വിമാനത്തിൽ എയർ ഹോസ്റ്റസുമായ ഐനാസി(21)നെയും കുടുംബത്തെയും കുത്തിക്കൊല്ലുകയായിരുന്നു. ഐനാസിന്റെ മാതാവും സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യയുമായ ഹസീന (46), സഹോദരി അഫ്നാൻ (23), സഹോദരൻ അസീം (12) എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.
സി.സി.ടി.വി ദൃശ്യങ്ങൾ, ഫോൺ കോളുകൾ, ഫോറൻസിക് റിപ്പോർട്ടുകൾ തുടങ്ങി പ്രതിക്കെതിരെ 300 തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെയും അയൽവാസികളുടെയും പൊതുജനങ്ങളുടെയും മൊഴിയും രേഖപ്പെടുത്തി.
പ്രതി പ്രവീൺ അരുൺ ചൗഗാലെയും ഐനാസും സുഹൃത്തുക്കളായിരുന്നു. ഐനാസ് ഇയാളിൽനിന്ന് അകലം പാലിക്കാൻ തുടങ്ങിയതിലുള്ള പകയാണ് കൂട്ടക്കൊലപാതകത്തിൽ കലാശിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതി നിലവിൽ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.
നവംബർ 12ന് ഞായറാഴ്ച രാവിലെ 8.30നും ഒമ്പതിനും ഇടയിലായിരുന്നു ക്രൂരകൃത്യം. ഐനാസിനോടുള്ള പകവീട്ടാനാണ് കൊല നടത്തിയതെന്നും തടയാൻ ശ്രമിച്ചപ്പോൾ മറ്റുള്ളവരേയും അപായപ്പെടുത്തേണ്ടിവന്നുവെന്നും അരുൺ പറഞ്ഞതായി ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ കുമാർ പറഞ്ഞിരുന്നു. മഹാരാഷ്ട്ര പൊലീസ് സേനയിലും അരുൺ ജോലി ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.