ഉള്ളാൾ ബീച്ച് സംഘർഷം: വധശ്രമത്തിനും കലാപമുണ്ടാക്കിയതിനും കേസ്

മംഗളൂറു: ഉള്ളാൾ സോമേശ്വരം ബീച്ചിൽ വ്യാഴാഴ്ച മലയാളി മെഡിക്കൽ വിദ്യാർഥികളെ അക്രമിച്ച സദാചാര ഗുണ്ടകൾക്ക് എതിരെ വധശ്രമം, കലാപം സൃഷ്ടിക്കൽ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാവാത്തയാൾ ഉൾപ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തെന്നും ശേഷിക്കുന്നവരെ കണ്ടെത്താൻ നേരത്തെ നിയോഗിച്ച രണ്ടിനൊപ്പം ഒരു പ്രത്യേക സംഘത്തെ കൂടി നിയമിച്ചതായും മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ജയിൻ അറിയിച്ചു.

ബസ്തിപട്പ്പുവിലെ യതീഷ്, ഉച്ചിലയിലെ സചിൻ, തലപ്പാടി സ്വദേശികളായ മോക്ഷിത്, സുഹൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന ആൺകുട്ടിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥികളായ ജാഫർ ശരീഫ്, മുജീബ്, ആഷിക് എന്നിവർ സഹപാഠികളായ പെൺകുട്ടികൾക്കൊപ്പം ബീച്ചിൽ ചെന്നപ്പോഴായിരുന്നു രാത്രി ഏഴരയോടെ പത്തോളം പേരുടെ അക്രമം.വിദ്യാർഥികളുടെ പരാതിയിൽ ഉള്ളാൾ പൊലീസ് കേസെടുത്തിരുന്നു.

ബീച്ചിലെത്തിയ സംഘം വിദ്യാർഥികളെ വളഞ്ഞ് ഓരോരുത്തരുടേയും പേരും വിലാസവും ചോദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു. വ്യത്യസ്ത മതക്കാരാണെന്നറിഞ്ഞതോടെ ഉപദ്രവിക്കാൻ തുടങ്ങി.ഭയന്നുപോയ വിദ്യാർഥിനികൾ കേരളത്തിലെ വീടുകളിലേക്ക് മടങ്ങി.

പ്രതികളെ അറസ്റ്റ് ചെയ്തതറിഞ്ഞ് ബി.ജെ.പി ജില്ല സെക്രട്ടറി സതീഷ് കുമ്പളയുടെ നേതൃത്വത്തിൽ വിശ്വഹിന്ദു പരിഷത്ത്,ബജ്റംഗ്ദൾ നേതാക്കൾ പൊലീസ് സ്റ്റേഷനിൽ എത്തി. അറസ്റ്റ് ചെയ്യപ്പെട്ടവർ നിരപരാധികളാണെന്നും വിട്ടയക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിരപരാധികളാണെന്ന് തെളിഞ്ഞാൽ വിട്ടയക്കാം എന്ന് പറഞ്ഞ് കമ്മീഷണർ അവരെ തിരിച്ചയക്കുകയായിരുന്നു.

Tags:    
News Summary - Ullal Beach conflict: Case for attempt to murder and rioting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.