ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ ക്ലാസ് മുറിയിൽ മൊബൈൽ ഫോൺ ഉപയോഗം തടഞ്ഞ സർക്കാർ സ്‌കൂൾ അധ്യാപകനെ വിദ്യാർഥികൾ മർദിച്ചു. അധ്യാപകന്‍റെ മുഖം തുണിയിട്ട് മറച്ചാണ് മർദിച്ചത്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. അക്രമത്തിെന്റ ദൃശ്യം സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഗോരഖ്പൂർ സർക്കാർ സ്‌കൂളിലെ കമ്പ്യൂട്ടർ അധ്യാപകനായ സയ്യിദ് വാസിഖ് അലിയാണ് ആക്രമിക്കപ്പെട്ടത്. ഒമ്പതാം ക്ലാസിലെ ഒരു വിദ്യാർഥിയും മറ്റ് രണ്ട് വിദ്യാർഥികളും ചേർന്നാണ് മർദിച്ചത്. മൊബൈൽ ഉപയോഗം നിർത്താൻ പറഞ്ഞപ്പോൾ ഇവർ വാസിഖിന്‍റെ മുഖം തുണിവെച്ച് മൂടി ആക്രമിക്കുകയായിരുന്നു.
വാസിഖ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് വിദ്യാർഥികൾക്കുമെതിരെ കേസെടുത്തു. അധ്യാപകനെ ആക്രമിച്ച സംഭവം നിസ്സാരമായി കാണാനാവില്ലെന്ന് സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു. 'കുറ്റാരോപിതനായ വിദ്യാർഥിയെ സ്കൂളിൽനിന്ന് പുറത്താക്കിയിട്ടുണ്ട്. മറ്റ് രണ്ട് വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞ ശേഷം അവർക്കെതിരെയും നടപടിയെടുക്കും" -അദ്ദേഹം പറഞ്ഞു. മറ്റ് രണ്ട് പ്രതികളെ പിടികൂടാനുള്ള ശ്രമം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.