ലഖ്നോ: സ്ത്രീധനം നൽകാത്തതിന്റെ പേരിൽ മകളുടെ ശരീരത്തിൽ ബലാത്കാരമായി എയ്ഡ്സ് വൈറസ് കുത്തിവെച്ചതായി പരാതി. പെൺകുട്ടിയുടെ പിതാവാണ് പരാതി നൽകിയത്. 2023 ഫെബ്രുവരി 15നാണ് തന്റെ മകൾ സോണൽ സെയ്നിയും അഭിഷേക് എന്ന സച്ചിനുമായി വിവാഹം നടന്നതെന്ന് പിതാവ് പരാതിയിൽ പറയുന്നു. വിവാഹത്തിന് സ്‍ത്രീധനമായി പെൺകുട്ടിയുടെ കാറും 15 ലക്ഷം രൂപയും നൽകിയിരുന്നു. എന്നാൽ ഇതിൽ വരന്റെ കുടുംബം തൃപ്തരായില്ല. 25 ലക്ഷം രൂപയും സ്കോർപിയോ എസ്.യു.വിയും കൂടി വേണമെന്ന് അവർ നിരന്തരം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ സോണലിന്റെ കുടുംബം തയാറായില്ല. തുടർന്ന് പെൺകുട്ടിയെ വരന്റെ വീട്ടിൽ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിവിട്ടു.
പിന്നീട് പഞ്ചായത്ത് അധികൃതരുടെയും മറ്റും മധ്യസ്ഥത്തിൽ പെൺകുട്ടിയെ തിരിച്ചെടുക്കാൻ വരന്റെ വീട്ടുകാർ നിർബന്ധിതരായി. വലിയ മാനസിക,ശാരീരിക പീഡനമായിരുന്നു പെൺകുട്ടിയെ അവിടെ കാത്തിരുന്നതെന്നും പിതാവ് പരാതിയിൽ പറയുന്നു. എച്ച്.ഐ.വി കുത്തിവെച്ച് പെൺകുട്ടിയെ കൊല്ലാൻ വരന്റെ കുടുംബം ഗൂഢാലോചന നടത്തിയതായും പിതാവ് ആരോപിച്ചു.
സോണലിന്റെ ആരോഗ്യം നാൾക്കുനാൾ ക്ഷയിച്ചുകൊണ്ടിരുന്നു. തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധന നടത്തിയപ്പോഴാണ് എച്ച്.ഐ.വി ബാധിതയാണെന്ന ഞെട്ടിക്കുന്ന വിവരമറിഞ്ഞത്. എന്നാൽ അഭിഷേകിന്റെ രക്തം പരിശോധിച്ചപ്പോൾ എച്ച്.ഐ.വി ബാധിതനല്ലെന്ന് കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ഇപ്പോൾ യു.പിയിലെ പ്രാദേശിക കോടതിയുടെ പരിഗണനയിലാണ്.
കോടതിയുത്തരവ് പ്രകാരം ഗ്യാങ്കോഹ് കോട് വാലി പൊലീസ് അഭിഷേകിനും അയാളുടെ മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീധന പീഡനം, മർദനം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.