മരുമകന്‍റെ വെട്ടേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഞെട്ടൽ മാറാതെ നാട്

വണ്ടൂർ: നടുവത്ത് ചേന്ദംകുളങ്ങരയിൽ മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം നാടിനെ നടുക്കി. വരിച്ചാലിൽ സൽമ്മത്ത് ആണ് മരുമകന്റെ വെട്ടേറ്റു മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. സൽമത്തിന്റെ മകൾ സജ്നയുടെ ഭർത്താവ് കല്ലിടുമ്പ് സമീറാണ് (36) വെട്ടിയത്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ ദുരന്തവാർത്തയെത്തിയത്.

മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമാനൂരിൽ നിന്നെത്തിയതാണ് കുടുംബമെന്നാണ് നാട്ടുകാർ പറയുന്നത്. മദ്യപിച്ച് ഭാര്യയെയും കുട്ടികളെയുമടക്കം നിരന്തരം അക്രമിക്കുന്നത് പതിവായിരുന്നു. പലപ്പോഴും പൊലീസും നാട്ടുകാരുമിടപെട്ടാണ് പ്രശ്നങ്ങൾ പറഞ്ഞു തീർത്തിരുന്നത്. അക്രമിക്കാൻ വരുന്ന പല സന്ദർഭങ്ങളിലും അയൽ വീടുകളിലാണ് ഭാര്യയും കുട്ടികളും രക്ഷതേടുന്നതെന്നും നാട്ടുകാർ പറയുന്നു.

തെങ്ങുകയറ്റത്തൊഴിലാളി കൂടിയായ സമീർ ചൊവ്വാഴ്ച രാവിലെ വീട്ടിൽനിന്നിറങ്ങി വൈകുന്നേരമാണ് തിരിച്ചെത്തിയത്. ഈ സമയം കൈയിൽ കരുതിയ തേങ്ങ വലിക്കുന്ന വലിയ കത്തി ഉപയോഗിച്ച് സജ്നയെ വെട്ടാനോങ്ങുകയായിരുന്നു. സജ്ന കുട്ടികളുമായി പുറത്തേക്ക് ഓടി രക്ഷപ്പെടുകയാണ് ചെയ്തത്. ഈ സമയം പുറത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ പിന്നിൽനിന്ന് വെട്ടി. നിന്നെ ഇവിടെ ജീവിക്കുവാൻ അനുവദിക്കില്ല എന്ന് പറഞ്ഞായിരുന്നു അക്രമം.

നിലത്തു വീണശേഷവും തലക്കടക്കം നിരന്തരം വെട്ടുകയും തുടർന്ന് ചവിട്ടുകയും ചെയ്തെന്ന് സൽമത്തിന്റെ മകൾ സജ്ന പറഞ്ഞു. പിന്നീട് കൈ പിടിച്ചുനോക്കി മരണം ഉറപ്പു വരുത്തിയാണ് പുറത്തിറങ്ങിയത്. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ സമീറിനെ തടഞ്ഞുവെച്ചു. പിന്നീട് പൊലീസെത്തി കസ്റ്റഡിയിൽ എടുത്തു. സമീറിന്റെ ഭാര്യയെയും നാലു കുട്ടികളെയും എടവണ്ണപ്പാറയിലെ ബന്ധുവീട്ടിലേക്ക് മാറ്റിയതായി നാട്ടുകാർ പറഞ്ഞു.

Tags:    
News Summary - Vandoor murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.