കൊണ്ടോട്ടി: മൊറയൂര്‍ പോത്തുവെട്ടിപ്പാറയിലെ വാഹന വില്പന കേന്ദ്രത്തില്‍നിന്ന് മോഷണം പോയ രണ്ടു വാഹനങ്ങള്‍ കൊണ്ടോട്ടി പൊലീസ് കർണാടകയില്‍നിന്ന് പിടിച്ചെടുത്തു. പ്രത്യേക പൊലീസ് സംഘം ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ വാഹന മോഷ്ടാക്കളെയും അറസ്റ്റ് ചെയ്തു. കർണാടക സ്വദേശികളും സഹോദരങ്ങളുമായ ദക്ഷിണ കർണാടക സ്വദേശികളായ കോള്‍നാട് സാലത്തൂര്‍ കാടുമട്ട പഷവത്ത് നസീര്‍ (25), മുഹമ്മദ് ഷാഹിദ് ( 20) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 25ന് പുലര്‍ച്ചയാണ് സംഭവം. പോത്തുവെട്ടിപ്പാറയിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍നിന്ന് പുലര്‍ച്ച രണ്ടോടെ ടാറ്റാ സുമോ, സ്വിഫ്റ്റ് കാറുകള്‍ കേന്ദ്രത്തിലെ പൂട്ടുതകര്‍ത്ത് സംഘം കടത്തുകയായിരുന്നു. കടയില്‍നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനം കാസര്‍കോട് അതിര്‍ത്തി കടന്നതായി കണ്ടെത്തി. കൊണ്ടോട്ടി പൊലീസ് ഇൻസ്പെക്ടര്‍ എം.സി. പ്രമോദിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചായിരുന്നു വാഹനങ്ങള്‍ക്കായുള്ള അന്വേഷണം. മഞ്ചേശ്വരം അതിര്‍ത്തി കേന്ദ്രീകരിച്ച് പൊലീസ് സംഘം ക്യാമ്പ് ചെയ്തു നടത്തിയ അന്വേഷണത്തില്‍ വ്യാജ നമ്പറുകളില്‍ വാഹനങ്ങള്‍ കര്‍ണാടക അതിര്ത്തിയിലുള്ളതായി കണ്ടെത്തുകയും തുടരന്വേഷണത്തില്‍ പ്രതികളിലേക്കെത്തുകയുമായിരുന്നു. വാഹന മോഷണത്തില്‍ മറ്റു രണ്ടുപേര്‍ക്കുകൂടി പങ്കുണ്ടെന്നും ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യൂസ്ഡ് കാര്‍ ഷോറൂമുകളില്‍നിന്ന് വാഹനങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്നും വിവരമുണ്ട്.
ഇന്‍സ്പെക്ടര്‍ എം.സി. പ്രമോദിന്റെ നേതൃത്വത്തില്‍ രതീഷ് ഒളരിയന്‍, പമിത്, ശശി അമ്പാളി, രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം ഊര്‍ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.