സുൽത്താൻ ബത്തേരി: സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി. പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (54) ആണ് സുഹൃത്ത് സുൽത്താൻ ബത്തേരി തൊടുവട്ടി ബീരാനെ (58) വെട്ടിക്കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്.
ഞായറാഴ്ച മൂന്നുമണിയോടെ പഴേരിയിലെ ചന്ദ്രമതിയുടെ വീട്ടിലാണ് സംഭവം നടന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് നാട്ടുകാർ എത്തിയപ്പോൾ ബീരാൻ വീട്ടിലെ മുറിയിൽ ബെഡിൽ വെട്ടേറ്റ് രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു. ചന്ദ്രമതിയെ വീടിന്റെ പുറകുവശത്തെ ചാർത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്.
ചന്ദ്രമതിയും അമ്മ ദേവകിയുമാണ് വീട്ടിൽ താമസം. രാവിലെ ദേവകി ചെട്ടിച്യാർ മകൻ അർജുനന്റെ വീട്ടിൽ പോയിരുന്നു. ഉച്ചയ്ക്കാണ് ബീരാൻ ചന്ദ്രമതിയുടെ വീട്ടിലെത്തുന്നത്. നാല് മണിയോടെയാണ് പരിസരവാസികൾ വിവരമറിഞ്ഞത്. വെട്ടേറ്റ് നിലയിൽ രക്തത്തിൽ കുളിച്ച ബീരാൻ മരിച്ചിരുന്നു. വീട്ടിന്റെ പുറക് വശത്തെ ചാർത്തിലാണ് ചന്ദ്രമതി തൂങ്ങിയത്.
ബീരാനും ചന്ദ്രമതിയും തമ്മിൽ മൂന്ന് വർഷത്തോളമായി സുഹൃത്തുക്കളായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ബീരാൻ ഓടിക്കുന്ന ഗുഡ്സ് ഓട്ടോയ്ക്ക് ചന്ദ്രമതിക്ക് ഷെയർ ഉണ്ടത്രെ. ഒരു വർഷം മുമ്പ് ചന്ദ്രമതി മീനങ്ങാടി ഭാഗത്തുനിന്ന് വിവാഹം കഴിച്ചിരുന്നു. എന്നാൽ, മാസങ്ങൾക്ക് ശേഷം ഭർത്താവ് ഉപേക്ഷിച്ചു. ചന്ദ്രമതിയുടെ അച്ഛൻ മാധവൻ ഏതാനും വർഷം മുമ്പാണ് മരിച്ചത്. മരിച്ച ബീരാന് ഭാര്യയും കുട്ടികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.