മക്കളോടുള്ള പക; അടൂരില്‍ 15 അംഗ സംഘം വീട്ടമ്മയെ തല്ലിക്കൊന്നു

അടൂർ: വസ്തു തർക്കത്തിന്‍റെ പേരിൽ മക്കളെ ലക്ഷ്യമിട്ട്​ എത്തിയ ഗുണ്ടകളുടെ ആക്രമണത്തിൽ തലക്ക്​ വെട്ടേറ്റ്​​ ഗുരുതര പരിക്കേറ്റ അമ്മ മരിച്ചു. അടൂർ ഏനാദിമംഗലം മാരൂർ വടക്കേചരുവിൽ സുജാതയാണ്​ (55) മരിച്ചത്. കുറുമ്പകര മുളയങ്കോട് ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അക്രമ സംഭവങ്ങൾക്ക് തുടക്കം.

സുജാതയുടെ മക്കളായ സൂര്യലാൽ, അനിയൻ ചന്ദ്രലാൽ എന്നിവരോടുള്ള പകയാണ്​ ഞായറാഴ്ച രാ​ത്രി വീട്​ കയറി ആക്രമണത്തിൽ കലാശിച്ചത്​. ഇതിനിടെ തലക്ക്​ ​വെട്ടും കമ്പി കൊണ്ടുള്ള ആക്രമണത്തിൽ വാരി എല്ലുകൾക്ക്​ പൊട്ടലും ശരീരമാസകലം മർദനവും ഏറ്റ സുജാത കോട്ടയം മെഡിക്കൽ കോളജ്​ ആശുപ​ത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചക്ക് മരണപ്പെട്ടു.​

ശരൺ, സന്ധ്യ എന്നീ അയൽവാസികൾ തമ്മിൽ വസ്തുതർക്കം നിലനിന്നിരുന്നു. ഇതിനിടെ സന്ധ്യയുടെ വീട്ടുകാർ ജെ.സി.ബി ഉപയോഗിച്ച്​ മണ്ണെടുക്കാനുള്ള നീക്കം നടത്തിയത്​ ശരണിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ശനിയാഴ്ച തടഞ്ഞിരുന്നു. ഇതിനെ പ്രതിരോധിക്കാൻ സന്ധ്യയുടെ ബന്ധുവായ അനിയും ഇയാളുടെ സുഹൃത്തുക്കളും സുജാതയു​ടെ മക്കളുമായ ഗുണ്ടാ പശ്ചാത്തലമുള്ള സൂര്യലാൽ, ചന്ദ്രലാൽ എന്നിവർ ചേർന്ന് രംഗത്തിറങ്ങി. തുടർന്ന്​ ശരണിന്‍റെയും ബന്ധുക്കളുടെയും വീട് കയറി ശനിയാഴ്ച ആക്രമണം നടത്തി.

അഞ്ച്​ വളർത്തുനായ്ക്കളെയും കൂട്ടി എത്തിയ സൂര്യലാലും ചന്ദ്രലാലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഘർഷത്തിനിടെ ഒന്നരവയസ്സുള്ള കുട്ടിക്ക്​ നായുടെ കടിയേറ്റു. ഇതോടെ സംഘർഷം മൂർച്ഛിച്ചു. ഇതിനിടെ ആക്രമിക്കപ്പെട്ടവർ തിരിച്ചടിക്കാനായി ഞായറാഴ്ച രാ​​ത്രി 10.30 ഓടെ സൂര്യ ലാലിന്‍റെയും ചന്ദ്രലാലിന്‍റെയും വീട്ടിൽ എത്തിയപ്പോൾ മാതാവ് സുജാത മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. സഹോദരങ്ങളായ ഇവർ തിരിച്ചടി പ്രതീക്ഷിച്ച്​ വീട്ടിൽനിന്ന്​ മാറി നിൽക്കുകയായിരുന്നു.

മുഖംമറച്ച്​ എത്തിയ ഗുണ്ടകൾ വീടിന്‍റെ വാതിൽ തകർത്ത്​ അകത്ത്​ കയറിയ സുജാതയുടെ തല വെട്ടിപ്പരിക്കേൽപ്പിച്ച്​ ക്രൂരമായി മർദിച്ചു. വീട്ടിലെ സകല സാധനങ്ങളും നശിപ്പിച്ച്​ സമീപത്തെ 30 അടി താഴ്​ചയുള്ള കിണറ്റിൽ എടുത്തിട്ടു. തുടർന്ന്​ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച്​ കൃത്രിമ ശ്വാസോച്ഛ്വാസം നൽകി ജീവൻ രക്ഷിക്കാനുള്ള ശ്രമം നടക്കവെയാണ്​ സുജാത മരിച്ചത്​. കഞ്ചാവ് കടത്ത് കേസിലും മറ്റും പ്രതിയാണ് സുജാത. മകൻ സൂര്യലാൽ കാപ്പകേസിൽ പ്രതിയാണ്​.

Tags:    
News Summary - woman killed in adoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.