പന്തളം: പൂഴിക്കാട് തച്ചിരെത്തുമുക്ക് ലക്ഷ്മി നിലയത്തിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്നു ചെങ്ങന്നൂർ അരീക്കര പാറപ്പുറത്ത് സുരേഷിന്‍റെ ഭാര്യ സബിത എന്ന സജിതയുടെ (42) കൊലപാതകവുമായി ബന്ധപ്പെട്ട് ഒപ്പം താമസിക്കുകയായിരുന്നു തിരുവനന്തപുരം സ്വദേശി ഷൈജുവിനായി (34) പന്തളം പൊലീസ് അന്വേഷണം മറ്റു ജില്ലയിലേക്ക് വ്യാപിച്ചു.
വെള്ളിയാഴ്ച രാത്രി തടിക്കഷ്ണംകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സുഹൃത്തുക്കളെ വീട്ടിൽ വരാൻ വിളിച്ചറിയിച്ച് ഷൈജു മുങ്ങുകയായിരുന്നു. സുഹൃത്തുക്കൾ നൽകുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം വ്യാപിച്ചിരിക്കുന്നത്.ഷൈജു എത്തിച്ചേരാവുന്ന എല്ലാ ബന്ധുവീടുകളിലും പൊലീസ് പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതാണ് പൊലീസിനെ കുഴക്കുന്നത്.
രണ്ടുമാസം മുമ്പ് എറണാകുളത്തുള്ള ഒരു യുവതിയുമായി ഷൈജു അടുപ്പത്തിലാകുകയും ഇതിന്‍റെ പേരിൽ സജിതയുമായി വഴക്കുണ്ടായി മങ്ങാരത്തെ ലോഡ്ജിൽ ഒരു മാസത്തിലേറെ ഷൈജു മാറി താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.പിന്നീട് സുഹൃത്തുക്കൾ ഇടപെട്ട് വീണ്ടും ഒരുമിച്ച് താമസിച്ചു വരുകയായിരുന്നു. പൊലീസിന്‍റെ അന്വേഷണം തിരുവനന്തപുരം, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.