വെട്ടത്തൂർ: സ്വകാര്യ ബസിനുള്ളിൽ മുളകുപൊടി പ്രയോഗം നടത്തി യുവാവിെൻറ പരാക്രമം. മുളക് സ്പ്രേ അടിച്ചതിനെ തുടർന്ന് കണ്ടക്ടർക്കും ഡ്രൈവർക്കും യാത്രക്കാരായ അഞ്ച് വിദ്യാർഥിനികൾക്കും പരിക്കേറ്റു. കണ്ടക്ടറുടെ പരാതിയിൽ എടത്താനാട്ടുകര സ്വദേശി ഹാരിസ്ബ്നു മുബാറക്കിന് (20) എതിരെ പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ കാര്യാവട്ടം-അലനല്ലൂർ പാതയിൽ പച്ചീരിപ്പാറയിലാണ് സംഭവം. ബസിലെ യാത്രക്കാരനായിരുന്ന യുവാവും ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും മുളകുപൊടി പ്രയോഗം നടത്തുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ജീവനക്കാരായ മങ്കട വെള്ളില സ്വദേശി ഗഫൂർ, മഞ്ചേരി സ്വദേശി അൻവർ എന്നിവർ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലും വിദ്യാർഥിനികൾ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഇവരുടെ കണ്ണിനേറ്റ പരിക്ക് ഗുരുതരമാണ്.
ആളുകൾ പിടികൂടിയതോടെ കൈയിലുണ്ടായിരുന്ന കുപ്പി യുവാവ് സമീപത്തെ പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് മേലാറ്റൂർ പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്പ്രേ കുപ്പി പൊലീസ് കണ്ടെടുത്തു. സംഭവസമയം ഇതിലൂടെ കടന്നുപോവുകയായിരുന്ന വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് സി.എം. മുസ്തഫയുടെ നേതൃത്വത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മേലാറ്റൂർ എസ്.ഐ അജിത്ത് കുമാർ, എസ്.സി.പി.ഒ അബ്ദുൽ റസാഖ്, സി.പി.ഒ നജ്മുദ്ദീൻ, സതീഷ് എന്നിവരാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.