തുറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 34 വർഷം തടവും 2.65 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തുറവൂർ പഞ്ചായത്ത് നാലാം വാർഡിൽ രോഹിത് വിശ്വം എന്ന അപ്പുവിനെ (27)നെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പട്ടണക്കാട് പൊലീസ് 2022ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് മറ്റാരുമില്ലാത്ത സമയം വീട്ടിലെത്തി ബലമായി പീഡിപ്പിച്ചെന്നാണ് കേസ്. തുടർന്നും മറ്റൊരു ദിവസം ഇതേ രീതിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കുറ്റകൃത്യം ആവർത്തിച്ചു. പഠനത്തിൽ പിന്നാക്കം പോയ കുട്ടിയുടെ കൗൺസലിങ്ങിലൂടെയാണ് സംഭവം പുറത്തറിയുന്നത്. കൗൺസലിങ് അധ്യാപികയാണ് വിവരം പൊലീസിൽ അറിയിക്കുന്നത്.
വിവിധ വകുപ്പുകളിലായാണ് 34 വർഷം ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയാകും. പിഴ അടക്കാത്ത പക്ഷം മൂന്ന് വർഷം തടവ് കൂടി അനുഭവിക്കണം. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ, അഡ്വ. ഭാഗ്യലക്ഷ്മി. വി.എൽ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.