കാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ(60) കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുൽ ഖാദർ (34) കുറ്റക്കാരനാണെന്ന് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ബുധനാഴ്ച വിധിക്കും. കേസിലെ മൂന്നാം പ്രതിയായ മാന്യയിലെ കെ. അബ്ദുൽ ഹര്‍ഷാദിനെ വിട്ടയച്ചു. ഹര്‍ഷാദിനെതിരായ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. രണ്ടാം പ്രതിയായ സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ് (34) പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. വിചാരണക്ക് ഹാജരാകാത്ത ഇയാളുടെ കേസ് പിന്നീട് പരിഗണിക്കും. നാലാം പ്രതിയായ പട്ള കുതിരപ്പാടിയിലെ അബ്ദുല്‍ അസീസ് എന്ന ബാവ അസീസിനെ മാപ്പു സാക്ഷിയാക്കിയിരുന്നു.
2018 ജനുവരി 17നാണ് ചെക്കിപ്പള്ളത്തെ വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന സുബൈദ കൊലചെയ്യപ്പെട്ടത്. സ്ഥലം വാങ്ങാനെന്ന പേരിൽ സുബൈദയുടെ വീട്ടിലെത്തിയ പ്രതികള്‍ കുടിവെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോയ സുബൈദയെ പ്രതികള്‍ കീടനാശിനി കലര്‍ത്തിയ കറുത്ത തുണി കൊണ്ട് മുഖത്ത് അമര്‍ത്തി ബോധം കെടുത്തിയ ശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 27 ഗ്രാം വരുന്ന വളകളും മാലയും കമ്മലും കവര്‍ന്നിരുന്നു.
ഒന്നാം പ്രതി അബ്ദുൽ ഖാദര്‍ സുബൈദയുടെ വീടിന് സമീപത്തുള്ള വീട്ടില്‍ കുറച്ചുകാലം താമസിച്ചിരുന്നു. കൊലപാതകം നടന്ന് രണ്ടാഴ്ചക്കുള്ളില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. മൂന്ന് പ്രതികളെ അന്വേഷണസംഘം അറസ്റ്റ് ചെയ്തപ്പോള്‍ ഹര്‍ഷാദ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. അന്നത്തെ ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍, എ.എസ്.പി. വിശ്വനാഥന്, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരന്‍, കാസര്‍കോട് ഡിവൈ.എസ്.പി കെ. സുകുമാരന്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി അസൈനാര്‍, ബേക്കല്‍ സി.ഐ. വിശ്വംഭരന്, സി.ഐ സി.കെ. സുനില്‍കുമാര്‍, അബ്ദുൽ റഹീം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. സുബൈദയുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍ കാസര്‍കോട്ടെ ജ്വല്ലറിയില്‍നിന്ന് കണ്ടെടുത്തിരുന്നു. പ്രതികള്‍ കൃത്യം നടത്താനായി കാസര്‍കോട്ടുനിന്നും വാടകക്കെടുത്ത രണ്ടു കാറുകളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സി.ഐ വി.കെ. വിശ്വംഭരനാണ് 1500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. 48 സാക്ഷികളെ വിസ്തരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.