ദർബ് അൽ സാഇയിലെ ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് സ്വദേശി ജീവിതം അടയാളപ്പെടുത്തുന്ന ‘ഖത്തരി ഹൗസ്’. പൗരാണികകാലത്തെ ഖത്തരികളുടെ വീടും ചുറ്റുപാടും പുതുതലമുറയിലേക്കു പകരുന്ന ഗൃഹാതുര സ്മരണയാണ് ഇവിടം സമ്മാനിക്കുന്നത്. ഇതാദ്യമായാണ് ദർബ് അൽ സാഇയിൽ പരമ്പരാഗത വീട് ഒരുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മലയാളി ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള കമ്പനിയാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. 23 ദിവസംകൊണ്ടാണ് 15,000 സ്ക്വയർ ഫീറ്റുള്ള ഈ കെട്ടിട സമുച്ചയം പഴയകാല പ്രൗഢിയോടും പ്രതാപത്തോടുംകൂടി നിർമിച്ചിട്ടുള്ളത്. ഫർണിച്ചർ, പാത്രങ്ങൾ ഉൾപ്പെടെ എല്ലാവിധ സാമഗ്രികളോടുംകൂടിയാണ് വീട്. മ്യൂസിയം, പടിപ്പുര തുടങ്ങി വിപുലമായ സംവിധാനങ്ങളും കാഴ്ചക്കാർക്കായി ഒരുക്കിവെച്ചിരിക്കുന്നു. നിർമാണത്തിന്റെ ഭാഗമായ എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും മലയാളികൾ തന്നെയെന്നത് അഭിമാനകരമാണ്.
46 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള കെട്ടിടസമുച്ചയത്തിൽ പഴയകാല പ്രൗഢിയോടെയുള്ള ഒരു വീട്. ഒരു ഡസൻ തൂണുകളും കമാനങ്ങളുമുള്ള വരാന്ത, അറബികളുടെ ജീവിതത്തിന്റെ ഭാഗമായ ആതിഥ്യമര്യാദ വിളിച്ചോതുന്ന ‘ഗഹ്വ’യുണ്ടാക്കുന്ന പഴയകാല അടുപ്പോടുകൂടിയ മജ്ലിസ്. പഴയകാലത്തെ ഓർമിപ്പിക്കുന്ന എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കിടപ്പുമുറികൾ. പ്രൗഢിയുടെ പ്രതീകങ്ങളായി പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്ന പാത്രങ്ങൾ. ഉറി, ഉരൽ തുടങ്ങിയവ ഒരുക്കിവെച്ച ഭംഗിയുള്ള അടുക്കള. മുൻഗാമികളുടെ പ്രധാന ജീവിതമാർഗങ്ങളായിരുന്ന മത്സ്യ ബന്ധനത്തിന്റെയും മുത്തുവാരലിന്റെയും ദൃശ്യാവിഷ്കാരം തുടങ്ങി പലവിധ കാഴ്ചകളാണ് വീടിനുള്ളിൽ ഒരുക്കിയിട്ടുള്ളത്. പഴയകാലത്തെ ഓർമിപ്പിക്കുന്ന കിണറിന്റെ മാതൃക, തുലാസ്സുകൾ തുടങ്ങിയവയും ആകർഷണീയമാണ്.
മ്യൂസിയത്തിൽ പഴയകാല വസ്ത്രങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള തോക്കുകൾ തുടങ്ങി ഖത്തർ എന്ന രാജ്യത്തിന്റെ മുൻകാല ജീവിതവും പ്രതാപവും പഠിക്കാനും മനസ്സിലാക്കാനും ‘ഖത്തരി ഹൗസ്’ ഏതൊരു ചരിത്ര വിദ്യാർഥികൾക്കും സാധാരണക്കാർക്കും ഒരുപോലെ ആസ്വാദ്യകരമാണ്.
ഇതിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് നിർമാണത്തിന്റെ ഭാഗമായ മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ ജീവനക്കാരും അതിലെ തൊഴിലാളികളുമാണ്. തിരുവല്ല സ്വദേശിയായ ബ്ലെസ്സിൻ ജോർജിന്റെ ഉടമസ്ഥതയിലുള്ള ‘കോസ്വേ ഖത്തർ’ എന്ന കമ്പനിയാണ് വളരെ കുറഞ്ഞ സമയംകൊണ്ട് അധികാരികളുടെ ആവശ്യങ്ങൾ എല്ലാം ഉൾക്കൊണ്ട് മികച്ച രീതിയിൽ ഖത്തരി ഹൗസ് ഒരുക്കിയിട്ടുള്ളത്. കമ്പനിയിലെ പ്രധാന ജീവനക്കാരായ അർഷാദ്, തോമസ്, ഫാരിസ്, ജേക്കബ്, ജംഷീർ, ജോമോൻ, ജാസിം എന്നീ മലയാളികളും തമിഴ്നാട് സ്വദേശി വിനോദ് എന്നിവരും സജീവമായി പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.