ഉദുമ: പടിഞ്ഞാർ അംബിക എ.എൽ.പി സ്കൂളിന് മുന്നിൽ ഗാന്ധിജിയുടെ ആറരയടി ഉയരമുള്ള ശിൽപം ഒരുങ്ങുന്നു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി മഹാത്മാ ഗാന്ധിയുടെ നിരവധി ശിൽപങ്ങൾ ചെയ്ത് ശ്രദ്ധേയനായ ശിൽപി ചിത്രൻ കുഞ്ഞിമംഗലം ആണ് രാഷ്ട്രപിതാവിെന്റ പൂർണകായ ശിൽപം നിർമിക്കുന്നത്.
യു.എ.ഇയിൽ സ്ഥാപിച്ച ആദ്യത്തെ മഹാത്മാഗാന്ധി ശിൽപം നിർമിച്ചത് ശിൽപി ചിത്രനാണ്. ശിൽപ കലാരംഗത്ത് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ഫോട്ടോകളും വിഡിയോകളും ആധാരമായി കണ്ണട വെച്ച് പുഞ്ചിരിതൂകി ഒരു കൈയിൽ വടിയും മറുകൈയിൽ ഗ്രന്ഥവുമായി നടന്നുനീങ്ങുന്ന രീതിയിലും അന്നത്തെ വസ്ത്രധാരണ രീതിയിലുമാണ് ശിൽപം നിർമിച്ചിരിക്കുന്നത്.
മൂന്നു മാസത്തോളം എടുത്ത് കളിമണ്ണിൽ ശിൽപം നിർമിച്ച് പ്ലാസ്റ്റർ ഓഫ് പാരീസ് മോൾഡ് ചെയ്തതിനുശേഷം ഫൈബറിലാണ് ശിൽപം പൂർത്തീകരിച്ചത്. കെ.വി. കിഷോർ, കെ. ചിത്ര എന്നിവർ ശിൽപ നിർമാണത്തിൽ സഹായികളായി. ഗാന്ധി പ്രതിമയോടൊപ്പം ഉല്ലാസപ്പാർക്കും ജൈവ വൈവിധ്യ പാർക്കും സ്കൂളിൽ ഒരുങ്ങുന്നുണ്ട്.
പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ. പി.ടി.എ പ്രസിഡന്റ് കെ.വി. രഘുനാഥൻ മാസ്റ്റർ, പ്രധാനാധ്യാപിക രമണി, മാനേജർ ശ്രീധരൻ കാവുങ്കാൽ, മദർ പി.ടി.എ പ്രസിഡന്റ് പ്രീന മധു എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.