കൊല്ലം: ‘ഇതാണ് ഇതുപോലെ തന്നെയാണ്’ -ഓയൂരിലെ പൊന്നോമന ഉറപ്പിച്ചുപറഞ്ഞ വാക്ക് നാട് മുഴുവൻ ഏറ്റുപറഞ്ഞു ഒടുവിൽ ആ പ്രതികൾ പിടിയിലായപ്പോൾ. ആ വാക്കുകൾ കേൾക്കുമ്പോൾ, തങ്ങളുടെ വിരൽതുമ്പിലൂടെ പിറന്ന രേഖാചിത്രങ്ങളിലൂടെയാണ് കേരളം മുഴുവൻ ആകാംക്ഷയോടെ കാത്തിരുന്ന പ്രതികളിലേക്ക് എത്തിയതെന്ന് പൊലീസും ഉറപ്പിക്കുമ്പോൾ കൊല്ലം അഞ്ചാലുംമൂട് നീരാവിൽ കൊച്ചുപറമ്പിൽ ചിത്രകലാരംഗത്തെ പേരെടുത്ത ദമ്പതികളായ ഷജിത്തിനും സ്മിത എം. ബാബുവിനും ഇത് അഭിമാനനിമിഷങ്ങൾ.
ഓയൂർ ബാലിക അപഹരണ കേസിൽ പ്രതികൾ വലയിലായപ്പോൾ പൊലീസ് പറഞ്ഞു, ഈ കേസിൽ മൂന്നാം സ്ഥാനം ഇവർക്ക് അവകാശപ്പെട്ടതാണ്.
മൂന്ന് പ്രതികളുടെയും രേഖാചിത്രം, ആറ് വയസ്സുകാരിയുടെ മനസ്സറിഞ്ഞ് കാൻവാസിലാക്കിയ ഇരുവരും പൊലീസിന് ആ പ്രതികളിലേക്കുള്ള ചൂണ്ടുപലകയൊരുക്കുകയായിരുന്നു. രേഖാചിത്രത്തിന്റെ പേരിൽ ‘ട്രോളാൻ’ കാത്തിരുന്നവർ പോലും പ്രതികളെ കണ്ട് പറഞ്ഞു ‘എന്നാലും ഇത്രയും സാമ്യത വരുമോ’.
ഒന്നരപതിറ്റാണ്ടോളമായി ചിത്രകല ജീവിതമാക്കിയ ഇരുവരുടെയും കലാജീവിതത്തിന്റെതന്നെ പ്രധാന നാഴികക്കല്ലായി അങ്ങനെ ആ ചിത്രങ്ങൾ മാറി. തങ്ങൾക്ക് ഇന്നോളം ലഭിച്ച എല്ലാ നേട്ടങ്ങൾക്കും മുകളിലാണ് ഈ ചിത്രങ്ങൾ പ്രതികളിലേക്ക് എത്താൻ സഹായകമായതെന്ന് അന്താരാഷ്ട്ര തലത്തിൽ വരെ നേട്ടങ്ങൾ സ്വന്തമാക്കിയ ഇരുവരും പറയുന്നു.
27ന് വൈകീട്ട് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ അന്ന് രാത്രി 12 മുതൽ ഷജിത്തും സ്മിതയും കേസിന്റെ നിർണായക ഭാഗമായിരുന്നു. രേഖാചിത്രം വരക്കണമെന്ന ആവശ്യവുമായി സിറ്റി എ.സി.പി എ. പ്രദീപ് കുമാറിന്റെ കാൾ അവരെ തേടിയെത്തിയപ്പോൾ രാത്രിയായിരുന്നു.
പ്രതികൾ കുട്ടിയുടെ വീട്ടിലേക്ക് വിളിക്കാൻ ഫോൺ വാങ്ങി ഉപയോഗിച്ച ഗിരിജ എന്നയാളെയുംകൊണ്ട് ഉടൻ പൊലീസ് വീട്ടിലെത്തി. തുടർന്ന് ഉറക്കമില്ലാതെ പുലർച്ച നാല് വരെ നീണ്ട പ്രയത്നത്തിനൊടുവിൽ സാക്ഷി സാമ്യത ഉറപ്പുപറഞ്ഞ ചിത്രത്തിന്റെ രചന പൂർത്തിയായി.
പിറ്റേന്ന് ജില്ലയിൽ മറ്റൊരിടത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി സംശയമുയർന്ന സംഭവത്തിൽ ഒരു സ്ത്രീയുടെ ചിത്രം വരച്ചു. ഓയൂരിലെ മിടുക്കി അപ്പോൾ ആശുപത്രിയിൽ സുരക്ഷിതയായി, സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു. കുട്ടി പൂർണമായി ഉഷാറായെന്ന് ഉറപ്പിച്ചതോടെ, ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഷജിത്തും സ്മിതയും വീണ്ടും രംഗത്തെത്തിയത്.
കൊല്ലം വിക്ടോറിയ ആശുപത്രിയിലെ പ്രത്യേക മുറിയിൽ ആറുവയസ്സുകാരിക്ക് മുന്നിൽ അവർ ‘അധ്യാപകർ’ ആയി എത്തി. കളിച്ചും ചിരിച്ചും ചിത്രം വരച്ചും അവളുടെ മനസ്സിൽ ഇടംനേടി. ആ കറുത്തദിനത്തിന്റെ ഓർമകൾ വീണ്ടും കുഞ്ഞുമനസ്സിനെ മുറിപ്പെടുത്താതെ, ശ്രദ്ധയോടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പുതിയ രേഖാചിത്രങ്ങളുടെ പണി തുടങ്ങി.
എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന കൃത്യതയിൽ കുഞ്ഞുമനസ്സിൽ പതിഞ്ഞ ആ രൂപങ്ങൾ ആറ് വയസ്സുകാരി കൃത്യമായി വിവരിച്ചതാണ് നിർണായകമായതെന്ന് ഷജിത്തും സ്മിതയും പറയുന്നു.
‘ആ കുഞ്ഞുമകൾ സ്ട്രോങ് ആയി കാര്യങ്ങൾ പറഞ്ഞുതന്നു. മറിച്ചും തിരിച്ചും ചോദിച്ചു. കളിയും രസത്തിന് വഴക്കുകൂടലും ഒക്കെയായിരുന്നു ആ സമയത്ത് ഉണ്ടായത്. വരക്കുന്നതിനിടയിൽ അവളുടെ വിവരണങ്ങൾ പരീക്ഷിക്കാൻ, ഇതല്ല ഇതൊക്കെ തെറ്റാണെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ അവൾ പറഞ്ഞു, അല്ല ഇത് തന്നെയാണെന്ന്. ആ ഉറപ്പായിരുന്നു ഞങ്ങളുടെ ബലം’-ഷജിത് പറയുന്നു.
ആദ്യമായാണ് ഇരുവരും രേഖാചിത്രം വരച്ചത്. ഈ ശ്രമം പരാജയപ്പെടാനുള്ള സാധ്യതകളും ആശങ്കപ്പെടുത്തിയിരുന്നു. പരാജയപ്പെട്ടാൽ സമൂഹം ട്രോളുകളും പ്രതികരണങ്ങളുമായി എങ്ങനെ തങ്ങളെ നേരിടുമെന്നതും ആ ആശങ്കക്ക് കാരണമായിരുന്നു. എന്നാൽ, എല്ലാ ആശങ്കകളും അസ്ഥാനത്താക്കി, ആറ് വയസ്സുകാരിയുടെ മിടുക്കും ഷജിത്തിന്റെയും സ്മിതയുടെയും കഴിവും വിജയിച്ചു.
‘ലോകമലയാളികൾ മുഴുവൻ ഉറ്റുനോക്കിയ ഈ സംഭവത്തിൽ ഞങ്ങളാൽ കഴിയുന്ന പങ്ക് നിർവഹിച്ച് ചെറിയ ഭാഗമെങ്കിലും ആകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം’-ദമ്പതികളുടെ വാക്കുകളിൽ ആഹ്ലാദം നിറയുന്നു.
മൂന്ന് തവണ സംസ്ഥാന സർക്കാറിന്റെ മികച്ച ചിത്രകാരനുള്ള അവാർഡ് ഷജിത്ത് നേടിയിട്ടുണ്ട്. ഷജിത്തും സ്മിതയും ഒരുമിച്ചും പുരസ്കാരം നേടി. നിരവധി ചിത്രപ്രദർശനങ്ങളും നടത്തി.
എന്നാൽ, അപ്പോഴൊന്നും ജനങ്ങൾക്കിടയിൽ നിന്ന് ഇത്രത്തോളം അംഗീകാരം ലഭിച്ചിട്ടില്ലെന്ന് അവർ പറയുന്നു. ഇപ്പോൾ എവിടെപ്പോയാലും ആളുകൾ തിരിച്ചറിയുന്നു. മറ്റ് ആദരവുകൾ തേടിയെത്തുന്നു. തിയറ്റർ രംഗം ഇഷ്ടപ്പെടുന്ന വിദ്യാർഥികളായ മക്കൾ അകിരയും റിവെയ്രയും അച്ഛനമ്മമാരുടെ നേട്ടത്തിൽ ഏറെ സന്തോഷത്തിലും അഭിമാനത്തിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.