നേമം: നൃത്തത്തിന് സമർപ്പിച്ചതാണ് അജയൻ പേയാടിന്റെ ജീവിതം. അനുപമമായ നൃത്തശിൽങ്ങളിലൂടെ വേദികളിൽ വിസ്മയമൊരുക്കുന്ന അജയനെയും ഭാര്യ ചിത്രയെയും അറിയാത്തവർ കുറവാണ്. കഥകളിയെ അനുവാചകർക്ക് മനസ്സിലാകുന്ന വിധം ലളിതമായി ‘കേരള നടനം’ എന്ന പേരിൽ അവതരിപ്പിച്ച് ശ്രദ്ധേയനായ ഗുരുഗോപിനാഥിന്റെ വത്സല ശിഷ്യനാണ് അജയൻ പേയാട്.
അഞ്ചാം വയസ്സിൽ കുലശേഖരം രാജേന്ദ്രൻ മാസ്റ്ററുടെ കാൽതൊട്ട് വന്ദിച്ചാണ് അജയൻ നൃത്തലോകത്തേക്ക് കടന്നത്. പതിമൂന്നാം വയസിൽ ഗുരു ഗോപിനാഥിന്റെ ശിഷ്യനായി. 1987ൽ എറണാകുളത്തെ നൃത്തവേദിയിൽ ദശരഥ വേഷം കെട്ടിയാടവെ കുഴഞ്ഞുവീണ് ഗുരുഗോപിനാഥ് മരണമടയുമ്പോൾ ഒപ്പമുണ്ടായിരുന്നത് പ്രിയ ശിഷ്യനായ അജയനായിരുന്നു.
പേയാട് കേന്ദ്രമാക്കി ഭാവശ്രീ നടന്ന കേന്ദ്രം എന്ന പേരിൽ നൃത്ത വിദ്യാലയം നടത്തിവരികയാണ് അജയനും കുടുംബവും. മക്കളായ അഭിരാമിക്കും ദേവയാനിക്കും മോഹിനിയാട്ടവും ഭരതനാട്യവും നല്ലപോലെ വഴങ്ങും. ഇതിനകം അയ്യായിരത്തിലേറെ ശിഷ്യർ അജയന്റെ അനുഗ്രഹത്തോടെ മത്സരവേദികളെ സമ്പന്നമാക്കിയിട്ടുണ്ട്.
കേരളനടനത്തെ പരിപോഷിപ്പിച്ച് ഗുരു ഗോപിനാഥിന്റെ ഓർമകൾ സജീവമായി നിലനിർത്തി മുന്നോട്ടു പോകണമെന്ന ആഗ്രഹമാണ് അജയനുള്ളത്. ഭാര്യയും മക്കളും പൂർണ പിന്തുണയുമായി ഒപ്പമുള്ളതിനാൽ ഇക്കാര്യത്തിൽ നല്ല ആത്മവിശ്വാസം അജയനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.