‘രാമചന്ദ്രന്റെ കല’ എന്ന എന്റെ കലാവിമർശന ഗ്രന്ഥത്തിന്റെ രണ്ടാംപതിപ്പ് പുറത്തിറങ്ങുന്നതിന്റെ അവസാന മിനുക്കുപണികൾക്കിടെയാണ് ഞാൻ ഏറെ ബഹുമാനിക്കുന്ന വിഖ്യാത ചിത്രകാരൻ ഓർമയായിരിക്കുന്നത്. 2002ൽ ലളിതകല അക്കാദമിയുടെ അവാർഡ് നേടിയ ഗ്രന്ഥം അദ്ദേഹത്തെക്കുറിച്ച ആഴത്തിലുള്ള പഠനമാണ്. 1990കളുടെ അവസാനത്തിലാണ് രാമചന്ദ്രന്റെ കലകളെക്കുറിച്ച് ഒരു വിശകലനം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയത്. അത് അദ്ദേഹത്തിലേക്ക് കൂടുതൽ അടുക്കാൻ വഴിയൊരുക്കി. അദ്ദേഹത്തോടൊപ്പം പല കൂടിക്കാഴ്ചകൾ നടത്താൻ അവസരം ലഭിച്ചു.
ഇന്ത്യകണ്ട വലിയ കലാകാരന്മാരിൽ ഒരാളാണ് രാമചന്ദ്രൻ. ശാന്തിനികേതനിലെ രാം കിങ്കർ എന്ന വിഖ്യാത ശിൽപിയുടെ ശിഷ്യനാണ് അദ്ദേഹം.
വ്യത്യസ്ത സാംസ്കാരിക ധാരകളുടെ സമന്വയമായിരുന്നു രാമചന്ദ്രന്റെ സൃഷ്ടികൾ. ഇൻഡോ-പേർഷ്യൻ പാരമ്പര്യങ്ങളുടെ സമന്വയത്തിലാണ് രാമചന്ദ്രന്റെ ചിത്രകല രൂപപ്പെട്ടത്. മുഗൾ ചിത്രകലയെക്കുറിച്ച് അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തിലെ മ്യൂറൽ പാരമ്പര്യങ്ങളെക്കുറിച്ചും അദ്ദേഹം ആഴത്തിൽ പഠിച്ചു. രാജസ്ഥാനിലെ നാടോടിപാരമ്പര്യം അദ്ദേഹത്തിന്റെ രചനകളിൽ ധാരാളമുണ്ട്. രാഷ്ട്രീയ മാനമുള്ള ചിത്രങ്ങളിൽ ഹിംസയും വംശീയതയും അതിന്റെ ബീഭത്സതയും നിറഞ്ഞുകാണാം. ഏറ്റവും തീവ്രമായ ആവിഷ്കാരം ഗാന്ധിജി വെടിയേറ്റുകിടക്കുന്ന ചിത്രമാണ്. ഹേ റാം എന്ന പേരിലാണ് ആ ചിത്രം. രാജീവ് ഗാന്ധി വെടിയേറ്റ് മരിച്ച ശ്രീ പെരുമ്പുതൂരിൽ രാമചന്ദ്രനൊരുക്കിയ ശിൽപ പരമ്പര ലോകോത്തരമാണ്.
ലോകോത്തര കലാകാരനായിട്ടും ഇന്ത്യയുടെ വൈവിധ്യങ്ങളാണ് അദ്ദേഹത്തിന്റെ സൃഷ്ടികൾക്ക് പ്രമേയമായത്. അത്രയേറെ വൈവിധ്യമുള്ള ഇന്ത്യയുടെ പാരമ്പര്യങ്ങൾ ഈ വലിയ കലാകാരനെ സ്വാധീനിച്ചു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അപരത്വത്തിന്റെയും കാലഘട്ടത്തിൽ പാരമ്പര്യങ്ങളുടെ സമന്വയം തീർത്ത ഈ കലാകാരന്റെ വേർപാട് ഏറെ ദുഃഖമുളവാക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.