ബുർജ് ഖലീഫയിലെ അർമാനിയിൽ ആർട്ട് യു.എ.ഇ എക്സിബിഷൻ ഉദ്ഘാടനം ശൈഖ് ദിയാബ് ബിൻ ഖലീഫ ആൽ നഹ്യാൻ നിർവഹിക്കുന്നു. നാഷണൽ ആന്‍റിക്സ് ഡയറക്ടർ അബ്ദുല്ല അൽ ഹമ്മാദി, യു.എ.ഇ കലാകാരൻ അബ്ദുൽ ഖാദർ അൽ റൈസ്, സക്കറിയ മുഹമ്മദ്, സ്വിസ്സ്
ആർട്ട് ഫൗണ്ടർ കുർട്ട് ബ്ലും, ആർട്ടിസീമ ഫൗണ്ടർ ഓരേല കുക്ക്, ആർട്ട് യു.എ.ഇ സ്ഥാപകൻ സത്താർ അൽ കരൺ എന്നിവർ സമീപം
ലോകത്തിന്‍റെ നാനാ ഭാഗത്തുള്ള കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനുള്ള വേദിയൊരുക്കുന്നതിനുമായി ആരംഭിച്ച ആർട്ട് യു.എ.ഇ 17ാം പിറന്നാളിന്‍റെ നിറവിലാണ്. പ്രാദേശിക കലാ രംഗത്ത് മുഖ്യമായ പങ്ക് വഹിക്കുന്ന ആർട്ട് യു.എ.ഇ ഇതിനകം 170 കലാപ്രദർശനങ്ങൾ സംഘടിപ്പിച്ചു കഴിഞ്ഞു. വിവിധ മേഖലകളിൽ നിന്നുള്ള 1,700 കലാകാരന്മാരുമായുള്ള സഹകരണങ്ങളുമായി കലാരംഗത്ത് നിസ്തുലമായ സംഭാവനകളുമായി ആർട്ട് യു.എ.ഇ സഞ്ചാരം തുടരുകയാണ്. 2008 സെപ്തംബർ 23നാണ് ആർട്ട് യു.എ.ഇ രൂപീകൃതമാവുന്നത്.
സഅബീൽ പാർക്കിൽ നടന്ന ദുബൈ സ്പ്രിങ് കാർണിവലിൽ ദുബൈയിലെ കലാകാരന്മാരുടെ പ്രദർശനത്തോടെ എക്സിബിഷനുകൾക്ക് തുടക്കം കുറിച്ചു. 2009 ജൂൺ 25നു നടൻ മോഹൻലാലിന്‍റെ കാരിക്കേച്ചറുകളും അദ്ദേഹം അഭിനയിച്ച എല്ലാ സിനിമകളിലെയും വേഷങ്ങളുടെ പ്രദർശനം ദുബൈ വേൾഡ് ട്രേഡ് സെന്‍ററിലെ ശൈഖ് റാശിദ് ആൽ മക്തൂം ഹാളിലെ ബബിൾ ലോഞ്ചിൽ വെച്ച് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു. പിന്നീട് ദുബൈ മാളിൽ കിഡ്സ് ഫാഷൻ ഷോയോടനുബന്ധിച്ച് കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. പിന്നാലെ 2010 മുതൽ 2012 വരെ വിവിധ വേദികളിലായി നിരവധി പ്രദർശനങ്ങളും ആർട്ട് യു.എ.ഇ സംഘടിപ്പിച്ചിരുന്നു. 2013 ഡിസംബർ പന്ത്രണ്ടിനാണ് ആർട്ട് യു.എ.ഇ ഔദ്യോഗികമായി ദുബൈ ടൂറിസം വകുപ്പുമായി കൈകോർത്ത് ബുർജ് ഖലീഫയിലെ അർമാനിയിൽ വെച്ച് മുപ്പതോളം രാജ്യത്തെ ചിത്രകാരന്മാരുടെ പ്രദർശനത്തിന് തുടക്കമിട്ടത്.
മോഹൻലാലിന്‍റെ ലാൽസലാമിനോടനുബന്ധിച്ചു നടത്തിയ കാരിക്കേച്ചർ പ്രദർശനം എം.എ യൂസഫലി ഉദ്ഘാടനം ചെയ്യുന്നു
ബുർജ് ഖലീഫയിലെ ആദ്യത്തെ ചിത്ര പ്രദർശനത്തിൽ അബൂദബി രാജകുടുംബാംഗം ശൈഖ് അല്യാസിയ ബിൻത് നഹ്യാൻ മുബാറക്ക് ആൽ നഹ്യാൻ, അജ്‌മാൻ രാജകുടുംബങ്ങളായ ശൈഖ ആമിന അൽ നുഐമി, ശൈഖ ആയിഷ അൽ നുഐമി, യു.എ.ഇയിലെ ഒന്നാമനായ ചിത്രകാരൻ അബ്ദുൽ ഖാദർ അൽ റൈസ് കൂടാതെ സ്വിസ് ആർട് ഗേറ്റ്, അബൂദബി ആർട്ട് ഹബ്, ഇറ്റലി ആർടിസിമ, മ്യാന്മാർ ഇങ്ക് ആർട്ട് ഗാലറിയിലെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. അബൂദബി രാജകുടുംബാംഗങ്ങളായ ശൈഖ് ദിയാബ് ബിൻ ഖലീഫ ആൽ നഹ്യാൻ, ശൈഖ് ഖലീഫ ബിൻ ഖാലിദ് ആൽ ഹാമിദ് എന്നിവരാണ് പ്രദർശനം ഉത്‌ഘാടനം ചെയ്തത്. 2014 ഇൽ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സ്റ്റണ്ട് മത്സരത്തോടനുബന്ധിച്ച് ദുബൈ സ്റ്റുഡിയോ സിറ്റിയിൽ നടന്ന കാർപാർക്കിങ് എക്‌സിബിഷനിൽ 1400 ആർട്ട് ആൻഡ് വിന്‍റേജ് കാറുകൾ പ്രദർശിപ്പിച്ചു.
കളേഴ്സ് ഓഫ് പീസിന്‍റെ കുട്ടികളുടെ ചിത്രപ്രദർശനം ആർട്ട് യു.എ.ഇ യൂത്ത് ഫൗണ്ടർ സായ ഫത്തൂമും ദുബൈ കൾച്ചർ ഡയറക്ടറും ചേർന്ന് നിർവഹിക്കുന്നു
ദുബൈയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡ്രിഫ്റ്റ് ഷോ ആയിരുന്നു. മീഡിയ വൺ ലോഞ്ചിനോടനുബന്ധിച്ച് മെയ്ദാനിൽ മലയാളികളുടെ ആർട്ട് എക്സിബിഷനും ആർട്ട് യു.എ.ഇ നടത്തിയിരുന്നു. ഈ വർഷം ഡിസംബർ ഒന്നിന് ‘ദുബൈ ആർട്ട് അവാർഡ്‌സ്’ ബുർജ് ഖലീഫയിൽ വെച്ച് നടത്തും. ഏഴു വിഭാഗത്തിൽ പെട്ട കലാകാരന്മാർക്കുള്ള അവാർഡുകളാണ് വിതരണം ചെയുന്നത്. ദുബൈ ലാൻഡ് ഡിപ്പാർട്മെന്‍റ്, ദുബൈ കൾച്ചർ, ദുബൈ ഇക്കണോമി ടൂറിസം എന്നീ വകുപ്പുകളുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത് . കൂടാതെ ഏപ്രിൽ മുതൽ എല്ലാ മാസവും രണ്ട് എക്സിബിഷനുകൾ വീതം സംഘടിപ്പിക്കും. അടുത്ത വർഷം ഇന്ത്യയിൽ ഗ്ലോബൽ ആർട്ട് ഫൗണ്ടേഷനും മഹാരാഷ്ട്രയിലെ എല്ലോറ ഗാലറിയുമായി സഹകരിച്ച് ഔറംഗാബാദിൽ ആർട്ട് സ്‌കൂളും മഹാരാഷ്ട്ര ഗോവ ബോർഡറായ മാങ്ങേലിയിൽ ആർട്ട് റെസിഡൻസിയും ആരംഭിക്കുമെന്ന് ആർട്ട് യു.എ.ഇ സത്താർ അൽ കരൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.