നിലമ്പൂർ: പ്രശസ്ത നാടക-സിനിമ കലാകാരനായിരുന്ന നിലമ്പൂർ ബാലന്റെ ജീവിതപങ്കാളി വിജയലക്ഷ്മിയും ബാലനെ പോലെ കല ജീവിതമാക്കിയ വനിത. കോഴിക്കോട് നടക്കാവാണ് ജന്മദേശം. പ്രാദേശിക നാടക സമിതികൾക്കൊപ്പം നാടകങ്ങളിൽ അഭിനയിച്ചിരുന്നെങ്കിലും വിജയലക്ഷ്മി നടി എന്ന നിലയിൽ പ്രശസ്തയായത് മുഹമ്മദ് യൂസഫിന്റെ ‘കണ്ടം ബെച്ച കോട്ട്’ നാടകത്തിലൂടെ ആയിരുന്നു.
1956ൽ ആകാശവാണി കോഴിക്കോട് നിലയം അത് റേഡിയോ നാടകമാക്കി പ്രക്ഷേപണം ചെയ്തു. അതിലും വിജയലക്ഷ്മിയുടെ അഭിനയം ശ്രദ്ധനേടി. അങ്ങനെ 16ാം വയസ്സിൽ റേഡിയോ ആർട്ടിസ്റ്റായി. ആകാശവാണിയുടെ എ ഗ്രേഡ് ആർട്ടിസ്റ്റ് ആണ് വിജയലക്ഷ്മി.
‘കണ്ടം ബെച്ച കോട്ട്’ നാടകമാണ് വിജയലക്ഷ്മിയേയും നിലമ്പൂർ ബാലനെയും ഒന്നിപ്പിച്ചത്. ആ നാടകം നിലമ്പൂരിൽ അവതരിപ്പിച്ചിരുന്നു. കോഴിക്കോട്ടുനിന്ന് എത്തിയ വിജയലക്ഷ്മി ഉൾപ്പെട്ട നാടകസംഘം തങ്ങിയത് നിലമ്പൂർ യുവജന കലസമിതിയുടെ കേന്ദ്രത്തിലാണ്. കലാസമിതിയുടെ പ്രധാനികളിൽ ഒരാളായിരുന്നു ബാലൻ. അഭിനയിക്കുമ്പോൾ വിജയലക്ഷ്മിയെ ശ്രദ്ധിച്ച ബാലന്റെ അമ്മയും സഹോദരങ്ങളും നാടകം കാണൽ ഒരു പെണ്ണുകാണൽ കൂടിയാക്കി.
അത് ഇരുവരുടെയും വിവാഹത്തിൽ എത്തിച്ചു. 1957 ഡിസംബർ എട്ടിനായിരുന്നു വിവാഹം. ശേഷം വിജയലക്ഷ്മി നിലമ്പൂർ യുവജന കലാസമിതിയുടെ നടിയായി. മറുനാടൻ മലയാളികളുടെ ഒട്ടേറെ കേന്ദ്രങ്ങളിൽ നടത്തിയ നാടക അവതരണങ്ങളിൽ ആ ദമ്പതിമാർ ഒന്നിച്ചഭിനയിച്ചു. ‘കാഫർ’, ‘കളിത്തോക്ക്’, ‘ചുവന്ന ഘടികാരം’ എന്നീ നാടകങ്ങളിൽ ബാലനോടൊപ്പം വിജയലക്ഷ്മി അഭിനയിച്ചു.
1980ൽ സംഗമം അവതരിപ്പിച്ച ജമാൽ കൊച്ചങ്ങാടിയുടെ ‘ഇനിയും ഉണരാത്തവർ’ നാടകത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്കാരം വിജയലക്ഷ്മിക്ക് ലഭിച്ചു. 2006ൽ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നൽകി ആദരിച്ചു. ഭർത്താവിനൊപ്പം വിജയലക്ഷ്മിയും സിനിമയിലെത്തി.
‘നിർമാല്യം’, ‘ബന്ധനം’, ‘ഹർഷഭാഷ്പം’, ‘ഒരേ തൂവൽ പക്ഷികൾ’ തുടങ്ങി ഓർമിക്കപ്പെടുന്ന നല്ല സിനിമകളിൽ ബാലനും വിജയലക്ഷ്മിയും ഒന്നിച്ചഭിനയിച്ചു. 1990 ഫെബ്രുവരി നാലിന് നിലമ്പൂർ ബാലൻ വിടപറഞ്ഞ ശേഷവും വിജയലക്ഷ്മി അഭിനയം തുടർന്നു. 2024 റിലീസ് ചെയ്ത ഇ.കെ. അയ്മുവിന്റെ ‘ജീവിതം പറയുന്ന ചോപ്പ്’ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.