ഗായത്രി വരച്ച ചിത്രങ്ങൾ

പ്യൂപ്പയും ശലഭങ്ങളും പൂമ്പൊടിയും

ഗുരുവായൂരിനടുത്ത് പാലയൂര്‍ ഗ്രാമത്തില്‍ പണ്ടെന്നോ കച്ചവടത്തിനു വന്ന ജൂതന്മാര്‍ കൂടാരമടിച്ചു കഴിഞ്ഞിരുന്ന ഒരു കുന്നുണ്ടായിരുന്നു. ജൂതക്കുന്ന്. ജൂതക്കുന്നില്‍ ചെങ്കല്ലില്‍ പണിത ചെത്തിത്തേക്കാത്ത ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ വെച്ചാണ് ഗായത്രിയെന്ന ചിത്രകാരനെ ആദ്യം കാണുന്നത്. 1980കളുടെ ആദ്യത്തില്‍. അക്കാലങ്ങളില്‍ അദ്ദേഹമവിടെ ഒരു ട്യൂട്ടോറിയല്‍ കോളജ് നടത്തിയിരുന്നു. പ്രീഡിഗ്രിക്ക് ഇംഗ്ലീഷ് കടന്നുകിട്ടാന്‍ ആശ്രയം തേടിയാണ് ഞങ്ങള്‍ കൂട്ടുകാര്‍ നാലുപേര്‍ വൈകുന്നേരങ്ങളില്‍ അന്നവിടെ എത്തിച്ചേര്‍ന്നിരുന്നത്. താഴത്തെ നിലയിലുള്ള അച്ചടിശാലക്ക് അരികിലൂടെ, ഒരോ ചവിട്ടിലും ഒച്ചയോടെ പിറുപിറുക്കുന്ന മരഗോവണി കയറിയെത്തുന്ന ജൂതന്‍കുന്നിലെ ഏറ്റവും ഉയരമുള്ള ആ മൂന്നാംനില ഒരർഥത്തില്‍ മറ്റൊരു ലോകം തന്നെയായിരുന്നു. ഗായത്രിയുടെ കലാപരീക്ഷണങ്ങളുടെ ആലയം. അതിന്റെ തുലാനിട്ട വരാന്തയില്‍ നില്‍ക്കുമ്പോള്‍ ചുറ്റുപാടുമായി പരന്നുകിടക്കുന്ന ഗ്രാമവും, മധ്യത്തിലായി തലപ്പൊക്കമുള്ള മണിമാളികയുമായി പാലയൂര്‍ പള്ളിയും ജൂതന്‍ബസാര്‍ എന്നറിയപ്പെടുന്ന പാലയൂര്‍ അങ്ങാടിയുടെ നേർ ലംബ ചിത്രങ്ങളും കാഴ്ചയില്‍ കിട്ടും. കയറിച്ചെല്ലുന്ന വിശാലമായ മുറിയുടെ നിലത്തും ചുമരുകളിലും നിറയെ മുഴുമിപ്പിച്ചതും അല്ലാത്തവയുമായ നിരവധിയായ കലാസൃഷ്ടികള്‍. കലയുമായി ബന്ധപ്പെട്ട നിരവധി കുറിപ്പുകള്‍ നിറഞ്ഞ ഒരു മേശപ്പുറം. പലവിധ പെയിന്റുകളുടെ സമ്മിശ്ര ഗന്ധമായിരുന്നു ആ മുറിക്ക്. അവിടെ ഒരു കസേരയിട്ടിരുന്ന് തോളറ്റംവരെയുള്ള തന്റെ സമൃദ്ധമായ ചുരുണ്ട മുടിയിഴകള്‍ ഇളക്കി ഗായത്രി ഇംഗ്ലീഷ് ക്ലാസുകളെടുക്കും. അതിനും എത്രയോ മുമ്പ് 19ാം വയസ്സില്‍ വിശപ്പിന്റെ നോവറിഞ്ഞു രചിച്ച ‘അമ്മ’ എന്ന എണ്ണച്ചായച്ചിത്രത്തിന് കേരള ലളിതകലാ അക്കാദമി അവാര്‍ഡ് ഗായത്രി കരസ്ഥമാക്കിയിരുന്നു.

കലയുടെ 50 വർഷങ്ങൾ

അമ്പതു വര്‍ഷത്തെ ഗായത്രിയുടെ കലാപ്രകടനങ്ങളില്‍ നാടകവും സിനിമയും കഥയും കവിതയും നോവലും നിരൂപണങ്ങളും സംഗീതവും ഇലസ്‌ട്രേഷനുകളും ചിത്രരചനയും കാര്‍ട്ടൂണും വാസ്തുവും എല്ലാം കടന്നുവരുന്നുണ്ട്. 1997ല്‍ ‘അനാസക്തിയുടെ ഹിരണ്യതീരങ്ങള്‍’ എന്ന പുസ്തകത്തിന് സാഹിത്യ നിരൂപണത്തിനുള്ള സാഹിത്യ അക്കാദമി കുറ്റിപ്പുഴ അവാര്‍ഡും ഗായത്രിയെ തേടിയെത്തി. വിശക്കുന്ന വയറിന്റെ ആധികളും അസമത്വങ്ങളോടുള്ള രോഷപ്രകടനങ്ങളുമാണ് ഗായത്രിയുടെ രചനകള്‍. അതില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവന്റെ സങ്കടങ്ങളും സമൂഹത്തിലെ നീതിനിഷേധങ്ങളും ഉയര്‍ന്നുനില്‍ക്കുന്നു. മാക്‌സിം ഗോര്‍ക്കിയുടെ അമ്മ എന്ന നോവല്‍ വായിച്ചുതീര്‍ത്ത വികാരത്തള്ളലില്‍, രാത്രികളില്‍ ഉറക്കമൊഴിച്ചിരുന്നാണ് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ‘അമ്മ’ എന്ന തന്റെ ആദ്യ എണ്ണച്ചായച്ചിത്രം ഗായത്രി പൂര്‍ത്തിയാക്കുന്നത്. മാറുന്ന ലോകത്തെയും ജീവിതങ്ങളെയും അയാളപ്പെടുത്താന്‍ ഒരു ചിത്രകാരന്‍ തന്റെ ചായക്കൂട്ടുകള്‍ എപ്രകാരം ഉപയോഗിക്കുന്നു എന്നതിന് ഉദാഹരണമാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രവും. മനുഷ്യന്‍ മാത്രമല്ല മൃഗങ്ങളും കിളികളും മരങ്ങളും പ്യൂപ്പയും ശലഭങ്ങളും നക്ഷത്രങ്ങളും പട്ടുനൂല്‍പ്പുഴുക്കളും തുടങ്ങി സമ്മിശ്രമായ ജൈവപ്രകൃതിയുടെ സംഗീതം താളാത്മകമായ ഒരു സിംഫണിപോലെ അവയില്‍ ചിറകടിക്കുന്നു. അസ്വഭാവികമായി ചിതറിക്കിടക്കുന്ന പച്ചയും ചുവപ്പും നീലയും വയലറ്റും മഞ്ഞയും നിറങ്ങള്‍.

ഗായത്രി

വർണങ്ങളുടെ ആകാശക്കാഴ്ചകൾ

ആകാശക്കാഴ്ചകള്‍ എന്നും ഗായത്രി ചിത്രങ്ങളുടെ പ്രത്യേകതയാണ്. ജൂതന്‍കുന്നിലെ മൂന്നുനില കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നില്‍ക്കുമ്പോള്‍ തനിക്ക് അനുഭവപ്പെട്ടിരുന്ന കാഴ്ചകളുടെ ചിത്രരൂപങ്ങളായിരിക്കാം അവയെല്ലാം. ആകാശത്തെ വിരല്‍ത്തുമ്പിനാല്‍ തൊടുന്ന പലനിറമുള്ള പട്ടങ്ങളും, കുന്നിന്‍ നെറുകയോളമെത്തുന്ന കഴുത്തുയര്‍ത്തി കണ്ണുകളില്‍ കുട്ടിത്തവുമായി മരുവുന്ന ജിറാഫുകളും പച്ചോലകള്‍കൊണ്ട് നീലവാനില്‍ കുറിവരക്കുന്ന തെങ്ങിന്‍ തലപ്പുകളും പല ചിത്രങ്ങളിലും കാണാം. നിഷ്‌കളങ്കരായ ജനതയാണ് ഗായത്രി ചിത്രങ്ങളുടെ കാതല്‍. ശക്തമായ രാഷ്ട്രീയം പറയുന്നതാണ് ചിത്രങ്ങളില്‍ അധികവും. ദുരിതവും വ്യസനവും രോഷവും കൂടുതല്‍ സ്ഫുരിക്കുന്ന ഭാവനകള്‍. സമൂഹത്തിന്റെ സംവേദനക്ഷമത ബോധപൂര്‍വം ചിത്രങ്ങളില്‍ പ്രമേയമാക്കപ്പെടുന്നു. ഒരു കലാസൃഷ്ടിയും രാഷ്ട്രീയ അടയാളങ്ങളില്ലാതെ നിഷ്പക്ഷമായി നിലനില്‍ക്കുന്നില്ലെന്നതാണ് ഗായത്രിയുടെ കാഴ്ചപ്പാട്. ഇന്ത്യക്ക് അകത്തും പുറത്തും ഒട്ടേറെ പ്രശസ്ത ഗാലറികളില്‍ ഗായത്രിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. പന്ത്രണ്ടോളം അവാര്‍ഡുകളും പ്രശസ്തിപത്രങ്ങളും അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ക്ക് ലഭിച്ചു.

നോവൽ ചിത്രങ്ങൾ

ഗായത്രി രചിച്ച ‘പരേതരുടെ തെരുകൂത്ത്’ എന്ന നോവലിലെ 54 അധ്യായങ്ങളും സ്വതന്ത്രമായി നില്‍ക്കുന്ന 54 മനോഹര ചിത്രങ്ങളാണ്. കൂട്ടുങ്ങല്‍ ദേശത്തെ കീഴാള ജീവിതവും അടിമത്തവും ചരിത്രവും വ്യക്തതയുള്ള രേഖാചിത്രങ്ങളായി ഗായത്രി നോവലില്‍ വരച്ചിടുന്നുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ഗായത്രിയുടെ നേതൃത്വത്തില്‍ പാലയൂരില്‍ ‘കലാപ്രകടന ഗൃഹം’ എന്ന ഒരു കലാകൂട്ടായ്മ രൂപവത്കരിച്ചിരുന്നു, ‘നന്തുണി’ എന്ന മാസികയും പുറത്തിറക്കിയിരുന്നു. ഇരുപതോളം അമച്വര്‍ നാടകങ്ങള്‍ ഗായത്രി എഴുതി സംവിധാനം ചെയ്ത് വിവിധ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ​‘‘ചിത്രങ്ങളില്‍നിന്നാണ് എല്ലാ കലകളും പിറവിയെടുക്കുന്നത്. ചിത്രങ്ങളായി തന്നെ അവ പ്രേഷകരിലേക്കെത്തുന്നു.’’ ഒരു ചിത്രകാരന്‍ എന്നനിലയില്‍ തനിക്കുള്ള ആത്മവിശ്വാസവും അതുതന്നെയെന്ന് ഗായത്രി അഭിപ്രായപെടുന്നു.

Tags:    
News Summary - Gayatri - 50 years of art

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.