ഇന്ത്യയിൽ റേഡിയോപ്രക്ഷേപണം ആരംഭിച്ചതിന്റെ നൂറാംവാർഷികം18ന് കോഴിക്കോട്

തിരുവനന്തപുരം: ഇന്ത്യയിൽ റേഡിയോപ്രക്ഷേപണം ആരംഭിച്ചതിന്റെ നൂറാംവാർഷികത്തിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകപ്രകാശനവും പുസ്തകോത്സവവും 18ന് കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിൽ നടത്തുന്നു. എഴുത്തുകാരി ഡോ. ജൈനിമോൾ കെ. വി. രചിച്ച 'റേഡിയോ ചരിത്രം, സംസ്‌കാരം, വര്‍ത്തമാനം: ആകാശവാണി മുതല്‍ സ്വകാര്യ എഫ്.എം. വരെ' എന്ന അക്കാദമിക് ഗ്രന്ഥത്തിന്റെ പ്രകാശനം നടക്കും.

ആകാശവാണി മുൻപ്രോഗ്രാം മേധാവിയും എഴുത്തുകാരനും നിരൂപകനുമായ കെ.എം. നരേന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനവും പുസ്‌തകപ്രകാശനവും നിര്‍വഹിക്കും. കേരളത്തിലെ ആദ്യത്തെ സ്വകാര്യ എഫ്.എം.ആര്‍.ജെ റേഡിയോ മാംഗോ, കോഴിക്കോട് നിലയത്തിലെ ലിഷ്ണ എന്‍.സി പുസ്തകം ഏറ്റുവാങ്ങും.

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളജ് മലയാളഗവേഷണവിഭാഗത്തിന്റെ സാംസ്കാരികവേദിയായ വൈഖരിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ ആധ്യക്ഷത വഹിക്കും. ഡോ. തോമസ് സ്കറിയ, ഡോ. ബി. രജനി, ഡോ. ദീപേഷ് കരിമ്പുങ്കര, ഡോ. ബി. കെ. അനഘ, അസി. പ്രഫ. ഡോ. ജൈനിമോൾ കെ.വി. എന്നിവര്‍ സംസാരിക്കും. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ ആമുഖഭാഷണം നടത്തും.

തുടര്‍ന്ന് 11.30ന് റേഡിയോ: ജനപ്രിയ മാധ്യമം എന്ന വിഷയത്തില്‍ റേഡിയോ ജോക്കികള്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. റേഡിയോ മാംഗോ, കോഴിക്കോട് നിലയത്തിലെ ആർ.ജെ ലിഷ്ണ എൻ. സി. മോഡറേറ്ററാകും. ഉച്ചക്ക് രണ്ട് മുതല്‍ 3.30 വരെ റേഡിയോയും കേള്‍വി സംസ്കാരവും, മാധ്യമപ്രളയത്തില്‍ റേഡിയോയുടെ പ്രസക്തിയും വെല്ലുവിളിയും എന്നീ വിഷയങ്ങളില്‍ നടക്കുന്ന സെമിനാറില്‍ എഴുത്തുകാരന്‍ ഒ.പി. സുരേഷ്, മാധ്യമപ്രവര്‍ത്തകന്‍ എ. സജീവന്‍ എന്നിവര്‍ സംസാരിക്കും.

റേഡിയോ ക്ലബ് ഓഫ് ബോംബെ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ 1923ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ ശബ്ദിച്ചുതുടങ്ങിയത്. ഇത് പുനര്‍നാമകരണം ചെയ്താണ് ഓള്‍ ഇന്ത്യ റേഡിയോയും ആകാശവാണിയുമായത്.

Tags:    
News Summary - Kozhikode on 18th 100th anniversary of the start of radio broadcasting in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.